മാറഞ്ചേരി :തുറുവാണം -വടമുക്ക് നിവാസികൾ മാറഞ്ചേരിയുമായി ബന്ധപ്പെടാൻ ആശ്രയിക്കുന്ന താമലശ്ശരി റോഡ് പൂര്‍ണ്ണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി.അധികാരിപ്പടി വടമുക്ക് റോഡ് തകർന്നത് കാരണം വടമുക്കിലെയും തുറുവാണത്തെയും ജനങ്ങൾ മാറഞ്ചേരിയുമായി ബന്ധപ്പെടാൻ ആശ്രയിക്കുന്ന റോഡാണ് താമലശ്ശേരി റോഡ്. ആ റോഡിൻ്റെ പ്രധാന ഭാഗമായ മാറാടി പാടത്തെ റോഡിലാണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത രൂപത്തിലാണ് റോഡ് തകർന്നിരിക്കുന്നത്.മഴപെയ്താൽ കുഴികളിൽ വെള്ളം നിറയുന്നത് കാരണം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. ഈ കുഴികൾ താത്കാലികമായെങ്കിലും നികത്തി ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വടമുക്ക് അധികാരിപ്പടി റോഡ് പൈപ്പിടുന്നതിന് വേണ്ടി പൊളിച്ചപ്പോൾ ബാക്കി വന്ന ചരലും മണ്ണും വടമുക്ക് സ്കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും പ്രസ്തുത മണ്ണ് ഉപയോഗിച്ച് താത്കാലികമായെങ്കിലും മാറാടി ഭാഗത്ത് നികത്തിയാൽ ഗതാഗതത്തിന് അൽപമെങ്കിലും ആശ്വാസമാകുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. ജലജീവൻ പദ്ധതിക്ക് വേണ്ടി റോഡ് കുഴിച്ചത് കാരണമാണ് ഇങ്ങനെ ഗർത്തങ്ങൾ രൂപപ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു











