കുന്നംകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് കുന്നംകുളം പോക്സോ കോടതിയിൽ 37 വർഷം തടവും 125000 പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പള്ളി ബീച്ച് സ്വദേശി തറയിൽ വീട്ടിൽ 34 വയസ്സുള്ള ബിനീഷിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പറഞ്ഞത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയും മക്കളും ഉള്ള പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു .പിന്നീട് കോയമ്പത്തൂരിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പറയുന്നു.സംഭവത്തിൽ കുട്ടിയുടെ പിതാവ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി സർക്കിൾ ഇൻസ്പെക്ടറായിരുന്ന സിആർ സന്തോഷ്, ഇൻസ്പെക്ടർ ഡി. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ ഇന്ദിര എന്നിവർ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ് ബിനോയ് പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ മിനിമോൾ എന്നിവരും പ്രവർത്തിച്ചു.