ആലപ്പുഴ: ചേര്‍ത്തല തിരോധാന കേസിൽ പ്രതി സെബാസ്റ്റ്യന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിക്കാനാണ് തീരുമാനം. എസ്പിയുടെ നേതൃത്വത്തില്‍ സെബാസ്റ്റ്യന്റെ ചോദ്യംചെയ്യല്‍ അഞ്ചുദിവസമായി തുടരുകയാണ്. അന്വേഷണത്തോട് സെബാസ്റ്റ്യൻ നിസ്സഹകരണം തുടരുന്ന സാഹചര്യത്തിലാണ് ഭാര്യയെ ചോദ്യംചെയ്യാനുളള അന്വേഷണ സംഘത്തിന്റെ തീരുമാനം.അഞ്ചുദിവസമായി ക്രൈം ബ്രാഞ്ച് എസ്പി യുടെ നേതൃത്വത്തിൽ നടക്കുന്ന ചോദ്യംചെയ്യലിൽ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് സെബാസ്റ്റ്യൻ നൽകുന്നത്. കൃത്യത്തെക്കുറിച്ച് ഭാര്യയ്ക്ക് എന്തെങ്കിലും വിവരങ്ങൾ അറിയാമോ എന്നതിൽ വ്യക്തത വരുത്തുന്നതിനൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമ്പോൾ പ്രതിയുടെ നിസ്സഹകരണത്തിൽ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.ചേർത്തല ശാസ്താംകവല സ്വദേശി ഐഷയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെട്ടതോടെ ഐഷയുടെ തിരോധാന കേസ് പുനരന്വേഷിക്കാനും പോലീസ് തീരുമാനിച്ചു. കേസിൽ നിർണായക സാക്ഷിയായ റോസമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. സെബാസ്റ്റ്യന് പുറമേ മറ്റൊരാളുടെ പങ്കും കേസിൽ സംശയിക്കുന്നുണ്ട്.സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സർവീസ് സഹകരണ ബാങ്കുകളിൽ കോടികളുടെ നിക്ഷേപമാണ് ഇയാൾ നടത്തിയിട്ടുള്ളത്. ഇതിൽ കുത്തിയതോട്, വരാപ്പള്ളി സർവീസ് സഹകരണ ബാങ്കുകളിൽ നിന്ന് വൻതുക പിൻവലിക്കുകയും ചെയ്തിരുന്നു. ഗൾഫിലെ ജോലിയിൽ നിന്നും സമ്പാദിച്ച പണമാണെന്ന സെബാസ്റ്റ്യന്റെ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിൽ എടുത്തിട്ടില്ല. തിരോധാന കേസുകളിൽ ഉൾപ്പെട്ട സ്ത്രീകളുടെ പക്കൽ നിന്ന് തട്ടിയെടുത്ത പണമാണെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്.