കല്‍പ്പറ്റ: ഡിസംബര്‍ 31ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതര്‍ക്ക് 2026 ജനുവരി ഒന്നിന് പുതിയ നഗരത്തിലേക്ക് പ്രവേശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ദുരന്തത്തില്‍ അകപ്പെട്ട വ്യാപാരികളെ കൈവിടില്ലായെന്നും ഇവര്‍ക്കായി പാക്കേജ് ഉണ്ടാക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി.’മൂന്ന് മാസം കഴിഞ്ഞ് സഹായങ്ങള്‍ ഇല്ലാതാകുമെന്നാണ് പലരും കരുതിയത്. എന്നാല്‍ വാടക ഒരു മാസം പോലും മുടങ്ങിയില്ല. പ്രതിമാസം ലഭിക്കുന്ന മൂന്നൂറ് രൂപ ഞങ്ങള്‍ക്ക് കൂടി വേണമെന്ന് ചിലര്‍ പറഞ്ഞു. അവരോട് അപേക്ഷ നല്‍കിയാല്‍ ഡിഡിഎംഎ ശുപാര്‍ശ വഴി വിഷയം പരിഗണിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്ര വലിയ ദുരന്തം കേരളത്തിന്റെ അനുഭവങ്ങളിലില്ല. അത്രയും വലിയ ദുരന്തത്തില്‍പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ചെറുതും വലുതുമായ പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്ന ധാരണയാണ് സര്‍ക്കാരിനുള്ളത്. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനുണ്ട്. ‘ കെ രാജന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇതിന് പുറമെ, ബെയ്‌ലി പാലം കടന്നു വരുന്ന തൊഴിലാളികള്‍ക്ക് സീസണല്‍ പാസ് ആശയം ഗുണകരമാണെന്നും ആലോചിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി.










