എടപ്പാൾ : ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനയാത്ര നടത്തിയവരിൽനിന്നും പോലീസ് ഒരാഴ്ചക്കിടെ ഈടാക്കിയത് രണ്ടരക്കോടിയിലധികം രൂപ. ഏഴു ദിവസത്തിനുള്ളിൽ 2,55,97,600 രൂപയാണ് പിഴ ഈടാക്കിയത്. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 50,969 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 1,19,414 ഇരുചക്ര വാഹനങ്ങളാണ് ‘ഹെൽമെറ്റ് ഓൺ-സേഫ് റൈഡ്’ എന്ന ഒരാഴ്ചത്തെ സ്‌പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്. കേരളാ പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗമാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്തിയത്. സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഭൂരിഭാഗംപേരും അപകടസമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ജനുവരി 11, 12 തീയതികളിൽ മാത്രം 11 പേർക്കാണ് ഇത്തരത്തിൽ ജീവൻ നഷ്ടമായതെന്ന് പോലീസ് പറയുന്നു.കേരള പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗമാണ് ഹെൽമറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര അവസാനിപ്പിക്കുന്നതിനായി പരിശോധനയ്ക്ക് ഇറങ്ങിയത്. സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങൾ പരിശോധന തുടരും. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘ശുഭയാത്ര’ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തെ അറിയിക്കാം. വാട്സാപ്പ്: 9747001099.








