നിറയൊഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയ്‌യുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ ഫേസ്‌ബുക്ക് കുറിപ്പിൽ സ്മരിച്ചു. വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറിച്ചു.’എന്റെ പ്രിയ സുഹൃത്ത് സി ജെ റോയ്‌യുടെ വിയോഗം വിശ്വസിക്കാനാവുന്നില്ല. ഈ അതിയായ ദുഃഖത്തിൽ കുടുംബത്തിനൊപ്പം ചേരുന്നു. സൗഹൃദത്തിനപ്പുറമുള്ള ബന്ധമായിരുന്നു. എപ്പോഴും സ്‌നേഹത്തോടെയും ഊഷ്മളതയോടെയും ഓർമിക്കപ്പെടും’, എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ് ഇൻകം ടാക്‌സ് റെയ്‌ഡിനിടെയാണ് സി ജെ റോയ്‌യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സി ജെ റോയ്‌യുടെ സഹോദരൻ സി ജെ ബാബു ആരോപിച്ചു. ഗുരുവായൂർ സ്വദേശി ജോസഫിന്റെയും ത്രേസ്യയുടെയും മകനാണ് സി ജെ റോയ് എന്നറിയപ്പെട്ട ചിരിയങ്കണ്ടത്ത് ജോസഫ് റോയ്. ബംഗളൂരുവിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാരീസിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്‌പിയിൽ പ്ലാനിംഗ് മാനേജരായി ജോലിചെയ്തതിനുശേഷമാണ് 2005ൽ കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിച്ചത്. 20 വർഷത്തിനിടെ 8000ത്തിലധികം കോടി ആസ്തിയുള്ള കമ്പനിയായി വളർന്നു.മലയാളത്തിലും കന്നഡയിലുമായി പത്തിലേറെ സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം ‘കാസനോവ’യിലൂടെയാണ് നിർമാണരംഗത്തെത്തിയത്. ഏറ്റവും ഒടുവിലായി നിർമിച്ച ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ച ദിവസമാണ് സി ജെ റോയ് സ്വയം ജീവനൊടുക്കിയത്. ഫെബ്രുവരി ആറിന് നിലവിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന അനോമി – ദ ഇക്വേഷൻ ഓഫ് ഡെത്ത് എന്ന സിനിമയുടെ സഹനിർമാതാവാണ് സി ജെ റോയ്. ‘കാസനോവ’യ്‌ക്ക് പിന്നാലെ ‘മരയ്ക്കാർ-അറബിക്കടലിലെ സിംഹം’, സുരേഷ് ഗോപി നായകനായ ‘മേം ഹൂം മൂസ’, ‘ഐഡന്റിറ്റി’ എന്നീ മലയാളം സിനിമകളും റോയ് നിർമിച്ചു.








