പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി നസീറിന് ജീവപര്യന്തം. ബലാത്സംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവുമാണ് ശിക്ഷ വിധിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.2019 ഡിസംബർ 15 നടന്ന കൊലപാതകത്തിൽ 20 മാസങ്ങൾക്കു ശേഷമാണ് ക്രൈം ബ്രാഞ്ച് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തത്. തടി കച്ചവടക്കാരനായ നസീർ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ടിഞ്ചുവിനെ ബലാത്സംഗം ചെയ്തശേഷം ജീവനോടെ കെട്ടി തൂക്കുകയായിരുന്നു. ടിഞ്ചുവിനെ കട്ടിലിൽ തലയിടിപ്പിച്ച് അബോധാവസ്ഥയിലാക്കി ക്രൂരമായി ബലാത്സംഗം ചെയ്തശേഷം മേൽക്കൂരയിലെ ഇരുമ്പ് കൊളുത്തിൽ കൊട്ടിത്തൂക്കിയാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.യുവതിയുടെ ജീവിതപങ്കാളിയായിരുന്ന ടിജിനെ പ്രതിയെന്ന് സംശയിച്ച് പൊലീസ് ക്രൂരമായി തല്ലിച്ചതച്ചത് വിവാദമായിരുന്നു. ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനായ ടിജിനൊപ്പം, ടിഞ്ചു ജീവിക്കുമ്പോഴാണ് കൊലപാതകം നടന്നത്.









