തിരുവനന്തപുരം: അസഭ്യം പറഞ്ഞ് അപമാനിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അയൽവാസിയായ സ്‌ത്രീ അറസ്റ്റിൽ. വെണ്ണിയൂർ നെല്ലിവിള സ്വദേശിനി രാജത്തിനെയാണ് (54) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്‌തത്. വെണ്ണിയൂർ കിഴക്കരികത്ത് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷയെ (18) കഴിഞ്ഞ ദിവസമാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജത്തിന്റെ മകൻ രണ്ടാമത് വിവാഹം കഴിച്ചു. ഇതറിഞ്ഞ് ആദ്യ ഭാര്യ രാജത്തിന്റെ വീട്ടിലെത്തി. അനുഷയുടെ വീട്ടുവളപ്പിലൂടെയാണ് അവർ എത്തിയത്. അതിന്റെ പേരിലാണ് രാജം അനുഷയെ അസഭ്യം പറഞ്ഞത്. ഇതോടെ മനംനൊന്ത് അനുഷ വീടിന്റെ മുകൾ നിലയിലെ മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്. ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നതിനായി കാത്തിരിക്കുകയായിരുന്നു അനുഷ. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തുവെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. എസ്‌എച്ച്‌ഒ ആർ പ്രകാശ്, എസ്‌ഐ ദിനേഷ്, എസ്‌സിപിഒ സാബു, വിനയകുമാർ, സുജിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.