ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.