ഭീകരവാദ കേസിൽ ജയിലിൽ തടവിൽ കഴിയുന്ന കണ്ണൂർ സ്വദേശി തടിയന്റവിടെ നസീർ ഉൾപ്പെട്ട, ജയിലിലെ തടവുകാരെ മത തീവ്രവാദികൾ ആക്കിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേരെ എൻഐഎ അറസ്റ്റ് ചെയ്തു. നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് മൊബൈൽ ഫോൺ കടത്തിയ കേസിലാണ് ജയിൽ ഡോക്ടർ ഉൾപ്പെടെ 3 പേർ എൻഐഎ പിടിയിലായത്. സംഭവത്തിൽ ജയിൽ ഡോക്ടറും സിറ്റി ആംഡ് റിസർവ് പോലീസുകാരനും ഉൾപ്പെടെ മൂന്ന് പേരെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.കർണാടക സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ അഞ്ചിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ (എഎസ്‌ഐ) എഎസ്‌ഐ ചാൻ പാഷ, ഒളിവിൽ പോയ ഒരു പ്രതിയുടെ അമ്മ അനീസ് ഫാത്തിമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.തിരച്ചിലിനിടെ, അറസ്റ്റിലായ പ്രതികളുടെ വീടുകളിൽ നിന്ന് വിവിധ ഡിജിറ്റൽ ഉപകരണങ്ങൾ, പണം, സ്വർണം, കുറ്റകരമായ രേഖകൾ എന്നിവ പിടിച്ചെടുത്തു. രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതിയിട്ടെന്നാണ് കേസ്.ഗൂഢാലോചനയുടെ ഭാഗമായി, ബെംഗളൂരു സെൻട്രൽ ജയിലിലെ ഭീകരവാദ കേസുകളിൽ ജീവപര്യന്തം തടവുകാരനായ തടിയന്റവീട് നസീർ ഉൾപ്പെടെയുള്ള ജയിൽ തടവുകാർക്ക് ഉപയോഗിക്കുന്നതിനായി ഡോ. നാഗരാജ് മൊബൈൽ ഫോണുകൾ എത്തിച്ചു നൽകിയെന്നും, ഈ പ്രവർത്തനത്തിൽ നാഗരാജിനെ പവിത്ര എന്ന ഒരു സ്ത്രീയും സഹായിച്ചിരുന്നതായും റിപ്പോർട്ട്.നാഗരാജിന്റെയും പവിത്രയുടെയും വീടുകൾക്ക് പുറമേ, ഒളിവിൽ കഴിയുന്ന ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമയുടെ വീട്ടിലും എൻഐഎ പരിശോധന നടത്തി. നസീറിൽ നിന്ന് മകന് ഫണ്ട് സ്വരൂപിക്കുന്നതിനും ജയിലിൽ ടി നസീറിന് അത് കൈമാറുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകുന്നതിലും ഇവർ പങ്കാളിയായിരുന്നു.കേസിൽ ഒളിവിൽ കഴിയുന്ന ജുനൈദ് അഹമ്മദ് ഉൾപ്പെടെ ഒമ്പത് പ്രതികൾക്കെതിരെ ഐപിസി, യുഎ (പി) ആക്ട്, ആയുധ നിയമം, സ്‌ഫോടകവസ്തു നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം എൻഐഎ ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണങ്ങളും ശ്രമങ്ങളും തുടരുകയാണ്.2008-ലെ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പരപ്പന ആഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു നസീർ. പിടിയിലായ അഞ്ചുപേരും 2017-ല്‍ ആര്‍.ടി.നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കൊലക്കേസിലെ പ്രതികളാണ്. ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇവർ തടിയന്റവിട നസീറുമായി പരിചയത്തിലാകുന്നത്.