തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സർക്കാർ നടപടികൾ വേഗത്തിലാക്കുന്നതിന്റെ സൂചന നൽകുന്നതാണ് ചീഫ് സെക്രട്ടറി നടത്തിയ ഇടപെടൽ. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനോട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർദേശിച്ചത്. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ നടപടികൾ സംശയാസ്പദമാണെന്ന പരാമർശത്തോടെയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ ഡിജിപിക്ക് കൈമാറിയത്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയ രീതിയിലാണ് കമ്മീഷണർ സംശയം പ്രകടിപ്പിച്ചത്. പൊലീസിന് നൽകും മുൻപ് ഗോപാലകൃഷ്ണൻ ഫോണുകൾ ഫോർമാറ്റ് ചെയ്തു.