തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന മന്ത്രി തല യോഗത്തിലെ തീരുമാനം നടപ്പാക്കിയില്ല. ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം എന്ന മന്ത്രി തല യോഗത്തിലെ തീരുമാനമാണ് നടപ്പാക്കാതിരുന്നത്. മെയ് 30നാണ് യോഗം നടന്നത്. മന്ത്രിമാരായ വി എന്‍ വാസവനും വീണാ ജോര്‍ജ്ജും പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു തീരുമാനമുണ്ടായത്. വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ഈ കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. തകര്‍ന്ന് വീണ കെട്ടിടാവശിഷ്ടത്തിന് അടിയില്‍പ്പെട്ട ബിന്ദുവിനെ രണ്ട് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. 14ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. തകര്‍ന്ന ശുചിമുറിയുടെ ഭാഗം അടച്ചിട്ടതായിരുന്നുവെന്ന് അപകടം നടന്നയുടനേ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന കെട്ടിടം ഉപയോഗിച്ചിരുന്നതായി രോഗികളും വ്യക്തമാക്കിയിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി താല്‍ക്കാലിക ധനസഹായമെന്ന നിലയില്‍ 50000 രൂപയുടെ ചെക്ക് വാസവന്‍ കൈമാറി. കുടുംബത്തിനുള്ള സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും. മകന് താത്ക്കാലിക ജോലി ഉടന്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വ്യാപകമായ പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുകയാണ്.