മലയാള കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ വിട പറഞ്ഞിട്ട് ഇന്ന് 31 വർഷം. മലയാളികൾ മാത്രമല്ല വിവിധ ഭാഷക്കാരും ദേശക്കാരും ഇന്നും ആർത്തിയോടെ ചേർത്ത് പിടിക്കുന്നുണ്ട് ബഷീറിനെയും അദ്ദേഹത്തിന്റെ കഥകളെയും. അനുഭവ തീക്ഷ്ണമായ ബാല്യ കൗമാര യൗവനങ്ങളാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യകാരനെ രൂപപ്പെടുത്തിയത്. ബഷീർ ജീവിത അനുഭവങ്ങളെ എഴുത്തിലേക്ക് പറിച്ചു നടുമ്പോൾ അത് ചോരയൊലിക്കുന്ന അനുഭവമായും ഭാഷയ്ക്കുള്ളിൽ പുതിയൊരു ഭാഷ സൃഷ്ടിക്കലും ആകുന്നു. അലഞ്ഞു തിരിഞ്ഞ നാടുകൾ… കണ്ട കാഴ്ചകൾ… ജീവിച്ച ജീവിതങ്ങൾ… ബന്ധപ്പെട്ട മനുഷ്യർ എല്ലാം ബഷീർ എന്ന എഴുത്തുകാരനെ പരുവപ്പെടുത്തുകയായിരുന്നു. ബേപ്പൂരിന്റെ സ്വച്ഛതകളിൽ നിന്ന് അസ്വസ്ഥതകളുടെ ദേശാന്തര യാത്രകൾ രൂപപ്പെടുത്തിയ വിശാല മാനവികതയിലൂടെ പിറന്ന എത്രയെത്ര കഥകൾ. ഭൂമിയുടെ അവകാശികൾ ആരെന്ന ചോദ്യത്തിന് കഥയിലൂടെ ഉത്തരം നൽകാൻ ബഷീറിന് കഴിഞ്ഞത് ഈ വിശാല മാനവിക കാഴ്ചപ്പാടിലൂടെയാണ്. ജീവിതത്തിൽ നിന്ന് അടർത്തി മാറ്റാൻ കഴിയാത്ത ബഷീറിന്റെ രചനയുടെ രസക്കുട്ട് രുചിച്ചറിയുന്നത് കൊണ്ടാണ് പാത്തുമ്മയുടെ ആടിനെയും ഉപ്പുപ്പാന്റെ ആനയെയും പൊൻകുരിശ് തോമയെയും ആനവാരി രാമൻ നായരെയും മലയാളി ഇന്നും ആർത്തിയോടെ ചേർത്ത് പിടിക്കുന്നത്. മജീദിന്റെയും സുഹറയുടെയും പ്രേമം പോലൊരു പ്രേമം മലയാളി അന്ന് വരെ വായിച്ചറിഞ്ഞിട്ടില്ലായിരുന്നു… പ്രണയത്തിന്… ജീവിതത്തിന്… എല്ലാമുള്ള ഒരു ബഷീറിയൻ ടച്ച് തിരിച്ചറിയുമ്പോൾ മലയാളത്തിനെന്ത് തെളിച്ചമെന്നു നാം വീണ്ടും വീണ്ടും പറഞ്ഞു പോകുന്നു. അതുകൊണ്ടാണ് എം എൻ വിജയൻ ഒരിക്കൽ പറഞ്ഞത് കാടായിത്തീർന്ന ഒറ്റ മരമാണ് ബഷീർ എന്ന് അതെ മലയാള സാഹിത്യത്തിലെ ഒറ്റ മരക്കാടുതന്നെയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. അനുഭവങ്ങളെ ഇത്രമേൽ വാറ്റികുടിച്ച മറ്റൊരു സാഹിത്യകാരനും മലയാളത്തിലില്ല തന്നെ. എഴുത്തിന് ചില സാമൂഹ്യ ധർമ്മങ്ങൾ നിർവഹിക്കാൻ ഉണ്ടെന്നും ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉറുമ്പിനെയും പോലും പരിഗണിക്കപ്പെടേണ്ടതാണ് എഴുത്ത് എന്നും ജീവിച്ചിരുന്ന കാലമത്രയും ബഷീർ തെളിയിച്ചു കൊണ്ടിരുന്നു. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന കണക്ക് തെറ്റിച്ചു ബഷീർ കണ്ടെത്തിയ ജീവിതത്തിൻറെ സൂത്രവാക്യങ്ങൾ ഇന്നും ഭൂരിപക്ഷം സാഹിത്യകാരന്മാർക്കും പിടികിട്ടിയിട്ടില്ല. എഴുത്തോ നിന്റെ കഴുത്തോ എന്ന് സമകാലിക ഫാഷിസ്റ്റ് ഭരണകൂടം ഭീഷണി മുഴക്കുന്ന ഈ കാലത്ത് വീണ്ടും വീണ്ടും ബഷീറിനെ വായിക്കുക എന്നുള്ളതാണ് പ്രതിരോധം തീർക്കാനുള്ള പല വഴികളിൽ ഒന്ന് എന്ന് നാം തിരിച്ചറിയുന്നു.