ലോക ഫുട്‌ബോളില്‍ ഏറ്റവും അധികം ആരാധകരുള്ള രണ്ട് താരങ്ങളുടെ പിറന്നാളാണ് ഇന്ന്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയറിന്റെയും. വിശ്വകിരീടം സ്വന്തമാക്കാനായില്ലെങ്കിലും ഫുട്‌ബോളില്‍ പകരം വെയ്ക്കാൻ കഴിയാത്ത പ്രതിഭകളാണ് റൊണാൾഡോയും നെയ്മറും. പ്രായത്തെ മനക്കരുത്ത് കൊണ്ട് കീഴടക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 40ാം വയസ്സിലേക്ക് കടന്നിരിക്കുന്നു. കാല്‍പന്തു കളിയുടെ ബ്രസീലിയന്‍ രാജകുമാരന്‍ നെയ്മര്‍ ജൂനിയര്‍ ഇന്ന് 33ലേക്കും കടന്നു. ഫുട്‌ബോളില്‍ പകരംവയ്ക്കാനില്ലാത്ത അതുല്യ പ്രതിഭകളാണ് ഇരുവരും എന്നതിൽ സംശയമില്ല. അരങ്ങേറ്റം കുറിച്ച് രണ്ട് ദശാബ്ദം പിന്നിട്ടിട്ടും ഇന്നും സൗദി നഗരികളെ ഫുട്‌ബോള്‍ ആവേശത്തിലാഴ്ത്തുകയാണ് സിആര്‍7. അല്‍ നസറിനായി കളിക്കുന്ന റൊണാൾഡോ പ്രായം തളര്‍ത്താത്ത പോരാളിയായി തന്റെ ഗോള്‍വേട്ട തുടരുന്നു. 2003ല്‍ സ്‌പോര്‍ടിങ് ലിസ്ബണിനായി പന്തു തട്ടിയായിരുന്നു താരത്തിന്റെ തുടക്കം. പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി. യുണൈറ്റഡിന്റെ ചുവന്ന ജേഴ്‌സിയില്‍ മിന്നിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് ചുരുങ്ങിയ കാലയളവ് തന്നെ ശ്രദ്ധേയമായി. 2009ല്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ട് റൊണാള്‍ഡോ മാഡ്രിഡിലേക്ക് ചേക്കേറി. മാഡ്രിഡ് കാലത്ത് ഒന്നിലധികം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും റൊണാള്‍ഡോ കൈപിടിയിലാക്കി. ലാലിഗ കിരീടം, ചാംപ്യന്‍സ് ലീഗ് കിരീടം എന്നിങ്ങനെ ഒട്ടനവധി നേട്ടങ്ങളുമായാണ് മാഡ്രിഡിലെ സുവര്‍ണകാലത്തോട് ക്രിസ്റ്റ്യാനോ വിട പറഞ്ഞത്. പിന്നാലെ യുവന്റ്‌സിലേക്കും അല്‍ നസറിലേക്കും ക്രിസ്റ്റ്യാനോ ചേക്കേറി. 2016 യൂറോ കപ്പിലും 2018 നേഷന്‍സ് ലീഗ് കപ്പിലും പോര്‍ച്ചുഗലിനെ കിരീടത്തില്‍ എത്തിച്ച നായകനാണ് റൊണാള്‍ഡോ. അഞ്ച് ബാലന്‍ഡിയോര്‍, അഞ്ച് ചാംപ്യന്‍സ് ലീഗ്, ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍, പുസ്‌കാസ് അവാര്‍ഡ് എന്നിങ്ങനെ നിരവധി നേട്ടങ്ങൾ റൊണാള്‍ഡോ സ്വന്തമാക്കി. ഫുട്‌ബോളില്‍ തന്റേതായ വ്യക്തിമുദ്ര പതിച്ച ആളാണ് നെയ്‌മർ ജൂനിയർ. ബ്രസീലിയന്‍ തെരുവുകളില്‍ നിന്ന് ലോക ഫുട്‌ബോളിലേക്ക് ഓടിക്കയറിയ ആളാണ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍. 2009ല്‍ ബ്രസീലിയന്‍ ക്ലബ് സാന്റോസിലൂടെ അരങ്ങേറ്റം. അധികം വൈകാതെ ബ്രസീലിലെ അത്ഭുത ബാലന്റെ വരവ് ലോക ഫുട്‌ബോളില്‍ തരംഗം സൃഷ്ടിച്ചു. കാത്തിരിപ്പിന് ഒടുവില്‍ 2013ല്‍ നെയ്മര്‍ ക്യാംപ് നൗവിലെത്തി. മെസ്സിക്കും സുവാരസിനും ഒപ്പം ലാലിഗയില്‍ പന്ത് തട്ടിയ നെയ്മര്‍ ഫുട്ബോളിൽ മായാജാലം തീര്‍ത്തു. പിന്നീട് പാരിസിലേക്കും, ശേഷം സൗദിയിലേക്കും നെയ്മര്‍ ചേക്കേറി. തുടര്‍ച്ചയായ പരിക്കുകള്‍ നെയ്മറിനെ അലട്ടിക്കൊണ്ടിരുന്നു. പരിക്ക് കാരണം ദിവസങ്ങളും മാസങ്ങളും താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നു. സൗദി ക്ലബ് അല്‍ ഹിലാലിനായി വിരലില്‍ എണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ ബൂട്ട് കെട്ടിയത്. ഒടുവില്‍ ഫുട്‍ബോളിൽ അരങ്ങേറ്റം കുറിച്ച തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് തന്നെ നെയ്മര്‍ മടങ്ങിയെത്തി.