പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള വിവാഹ സംഘത്തിന് നേരെ ലാത്തി വീശിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തു. മർദനമേറ്റ സിത്താര ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിൽ എസ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിനുവും സംഘവുമാണ് വിവാഹസംഘത്തെ ആക്രമിച്ചത്. ബാറിന് മുന്നിൽ പ്രശ്നം ഉണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയത്. എന്നാൽ ആളുമാറി വിവാഹ സംഘത്തെ ആക്രമിച്ചതെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസ് മർദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മർദ്ദിച്ചത്. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നാണ് ഉയരുന്ന പരാതി. 20 അംഗസംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. ബാർ ജീവനക്കാരാണ് ഇന്നലെ പൊലീസിനെ വിളിച്ചത്. രാത്രി ബാർ അടയ്ക്കാൻ നേരം മദ്യം ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ വന്നുവെന്നും ഇവർ പിരിഞ്ഞു പോകാതായതോടെ പൊലീസിനെ വിളിക്കുകയായിരുന്നുവെന്നും ബാർ ജീവനക്കാർ പറഞ്ഞു. ബാറിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയത്. അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തി. പിന്നാലെ പൊലീസ് സംഘം എത്തി തല്ലിയോടിക്കുകയായിരുന്നുവെന്ന് സംഭവത്തിൽ പരിക്കേറ്റ സിത്താര മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവെെഎസ്‌പി എസ് നന്ദകുമാർ അറിയിച്ചു.