ചെന്നൈ: തമിഴ്‌നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതുസംബന്ധിച്ചുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ അധ്യക്ഷതയില്‍ ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായുള്ള അഭിപ്രായഭിന്നതകളും കേന്ദ്രസര്‍ക്കാരുമായുള്ള സ്വരച്ചേര്‍യില്ലായ്മയും തുടരുന്നതിനിടെയാണ് സ്റ്റാലിന്റെ നീക്കം.
സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പരിധിയിലുണ്ടായിരുന്നതും പിന്നീട് കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയതുമായ വിഷയങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴിലേക്ക് തിരികെ കൊണ്ടുവരുന്നതുള്‍പ്പെടെ കമ്മിറ്റിയോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സംസ്ഥാനങ്ങളുടെ അഖണ്ഡതയെ ബാധിക്കാത്ത വിധത്തില്‍ ഈ കമ്മിറ്റി നിയമങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ അശോക് വര്‍ധന്‍ ഷെട്ടിയും മു രാജേന്ദ്രനും സമിതിയിലുണ്ടാകുമെന്നാണ് സൂചന. 2026 ജനുവരിയോടെ ഇടക്കാല റിപ്പോര്‍ട്ടും രണ്ട് വര്‍ഷത്തിനുള്ളില്‍ അന്തിമറിപ്പോര്‍ട്ടും കമ്മിറ്റി സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമിതിയുടെ ശുപാര്‍ശ നടപ്പാക്കും. 1974-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാനിധി സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു.
ഭാഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രമേയവും സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥയും കമ്മിറ്റി പരിശോധിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ത്രിഭാഷ ഫോര്‍മുലയുള്‍പ്പെടെ സ്വീകരിക്കാതിരിക്കാനുള്ള വ്യവസ്ഥകളാണ് സ്റ്റാലിന്‍ തേടുന്നത്.