യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇപ്പോഴത്തെ അധ്യക്ഷനും മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ തലവനുമാണ് അദ്ദേഹം. നിരവധി സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ ഉള്‍പ്പെടെ എല്ലാവര്‍ക്കും സുപരിചിതനും ആദരണീയനുമായ പുരോഹിതനാണ് വിടവാങ്ങിയിരിക്കുന്നത്. രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ബസേലിയന് പൗലോസ് ത്രിതീയന്റെ പിന്‍ഗാമിയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശാണ് അദ്ദേഹത്തിന്റെ സ്വദേശം. 1929ലാണ് അദ്ദേഹത്തിന്റെ ജനനം. 1958 ഒക്ടോബറിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. 1974ല്‍ അദ്ദേഹം മെത്രോപൊലീത്തയായി. 2000ല്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലികയായി തെരഞ്ഞെടുത്തു. മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രധാന പദവികളെല്ലാം തന്നെ വഹിച്ചിട്ടുള്ള അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സജീവമായിരുന്നു.സഭ പ്രതിസന്ധിയിലായ ഘട്ടത്തിലൊക്കെയും വിശ്വാസികളെ ശാന്തരാക്കുന്നതിലും പ്രാര്‍ത്ഥനയുടെ ശക്തി ഊന്നിപ്പറയുന്നതിലും അദ്ദേഹം സദാ ശ്രദ്ധിച്ചിരുന്നു. സഭാ തര്‍ത്തിലുള്‍പ്പെടെ തോമസ് പ്രഥമന്‍ ബാവയുടെ പക്വതയുള്ള നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. വിശ്വാസികളെ സമാധാനത്തിലേക്ക് നയിക്കാന്‍ അദ്ദേഹം ഉപവാസമനുഷ്ഠിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കോതമംഗലത്തും പുത്തന്‍കുരിശിലും സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നുവന്നപ്പോഴൊക്കെ സമാധാനമുറപ്പിക്കാന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. കോടതിയില്‍ നിയമപോരാട്ടം നടന്നപ്പോഴും പ്രാര്‍ത്ഥനയുടെ വഴിയിലൂടെ പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.