നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേല്ക്കുകയാണ് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ക്യാമ്പസുകള്‍. വര്‍ണാഭമായ വിജ്ഞാനോത്സവത്തോടെയാണ് നവാഗതര്‍ക്ക് വരവേല്‍പ് ഒരുക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ 2025-26 ബാച്ചിന്റെ ക്ലാസ്സ് ആരംഭിക്കുന്ന 2025 ജൂലൈ ഒന്നിന് മുഴുവന്‍ സര്‍ക്കാര്‍ /എയ്ഡഡ്/സ്വാശ്രയ കോളേജുകളിലും വിജ്ഞാനോത്സവം അരങ്ങേറും. വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 2025 ജൂലൈ ഒന്നിന് രാവിലെ പത്തു മണിയ്ക്ക് കോഴിക്കോട് സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. വിജ്ഞാനോത്സവ ദിനത്തില്‍ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനായി രൂപീകരിച്ച, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അനദ്ധ്യാപക ജീവനക്കാരും രക്ഷിതാക്കളും അടങ്ങുന്ന സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ് വിജ്ഞാനോത്സവ പരിപാടികള്‍ നടക്കുക. ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, അക്കാദമിക വിദഗ്ദ്ധര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഓരോ സ്ഥാപനതലത്തിലും ഉദ്ഘാടന പരിപാടികള്‍ തയ്യാറായിട്ടുള്ളത്.സംസ്ഥാനതല വിജ്ഞാനോത്സവ ഉദ്ഘാടന പരിപാടി ഓണ്‍ലൈനായി മുഴുവന്‍ കോളേജുകളിലും സംപ്രേഷണം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. രാവിലെ പത്തു മണിയ്ക്ക് സംസ്ഥാനതല ഉദ്ഘാടന പരിപാടി പൂര്‍ത്തീകരിച്ച ഉടന്‍തന്നെ സ്ഥാപനതല ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വരുമ്പോള്‍ അവരെ സ്വീകരിക്കുന്ന വിധത്തില്‍ ആകര്‍ഷകമായ പരിപാടികള്‍ സ്ഥാപനങ്ങളില്‍ അരങ്ങേറും. ഉദ്ഘാടന സെഷന് മുമ്പും ശേഷവും കലാപരിപാടികളും നടക്കും.കേരളത്തിന്റെ കലാലയങ്ങളില്‍ ഒരു യുഗപരിവര്‍ത്തനമാണ് നാലുവര്‍ഷ ബിരുദത്തിലേക്കു കൂടി പ്രവേശിച്ചതോടെ ഉണ്ടായിരിക്കുന്നത്. 2024 ജൂലൈ ഒന്നിനാണ് കേരളത്തില്‍ ആദ്യമായി, സംസ്ഥാനത്തെ എട്ട് സര്‍വ്വകലാശാലാ ക്യാമ്പസുകളിലും തൊള്ളായിരത്തോളം കോളേജുകളിലുമായി, നാലുവര്‍ഷ ബിരുദം ആരംഭിച്ചത്. കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തിനായി, കൂടുതല്‍ അതിനെ വിപുലമാക്കുന്നതിനുള്ള ആസൂത്രണങ്ങളോടെ പുതിയ കലാലയ വര്‍ഷം ആരംഭിക്കുകയാണ്. നിലവിലെ വിദ്യാര്‍ത്ഥികള്‍ ആദ്യ രണ്ടു സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച് രണ്ടാംവര്‍ഷത്തിലേക്ക് കടക്കുകയുമാണ്.