മുംബൈ: വോഡഫോൺ ഐഡിയ (Vi) ഇന്ത്യയിൽ 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങുന്നു. 2025 മാർച്ച് മുതല്‍ പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് വരിക്കാർക്ക് 5G സേവനങ്ങൾ ലഭ്യമാക്കുമെന്ന് നടപ്പ് സാമ്പത്തികവര്‍ഷത്തെ വിഐയുടെ മൂന്നാംപാദ റിപ്പോർട്ട് പ്രഖ്യാപിച്ചു. മുംബൈയിലാണ് വോഡഫോണ്‍ ഐഡിയയുടെ 5ജി നെറ്റ്‌വര്‍ക്ക് ആദ്യഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുക. ഇതിന് ശേഷം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് വോഡഫോണ്‍ ഐഡിയ 5ജി വ്യാപിപ്പിക്കും. 2024-25 സാമ്പത്തിക വർഷത്തിലെ മൂന്നാംപാദ റിപ്പോർട്ട് പ്രഖ്യാപിച്ചുകൊണ്ട്, രാജ്യത്ത് വാണിജ്യ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ വിഐ ഉപഭോക്താക്കളുമായി പങ്കുവയ്ക്കുകയായിരുന്നു. ആദ്യം മുംബൈയിലാണ് വിഐ 5ജി എത്തുക. മുംബൈയ്ക്ക് ശേഷം 2025 ഏപ്രിലിൽ ബെംഗളൂരു, ചണ്ഡീഗഡ്, ദില്ലി, പാറ്റ്ന എന്നിവിടങ്ങളിലേക്ക് 5ജി സേവനങ്ങൾ വ്യാപിപ്പിക്കാൻ വിഐ പദ്ധതിയിടുന്നു. അതേസമയം ഈ ഘട്ടത്തിൽ 5ജി കവറേജ് ലഭിക്കാൻ സാധ്യതയുള്ള മറ്റ് നഗരങ്ങളെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. പ്രധാന മേഖലകളെ ലക്ഷ്യമിട്ട് 5ജി സേവനങ്ങളുടെ ഘട്ടം ഘട്ടമായുള്ള വിന്യാസം നടന്നുകൊണ്ടിരിക്കുകയാണ്”- എന്ന് വോഡഫോണ്‍ ഐഡിയ സിഇഒ അക്ഷയ മൂന്ദ്ര പ്രസ്‍താവനയിൽ പറഞ്ഞു. രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്ന മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരാണ് വോഡഫോണ്‍ ഐഡിയ. റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും 2022ല്‍ തന്നെ 5ജി സേവനം തുടങ്ങിയിരുന്നു. കേരളത്തിലടക്കം 2024 ഡിസംബറില്‍ രാജ്യത്തെ 17 സര്‍ക്കിളുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍ വിഐ 5ജി പരീക്ഷണം ആരംഭിച്ചെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ ലോഞ്ച് ചെയ്തിരുന്നില്ല. 5ജി ലോഞ്ചിന് പുറമെ കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 4ജി കവറേജിലുണ്ടായ വേഗമാര്‍ന്ന വളർച്ചയും വിഐയുടെ ത്രൈമാസ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2024 മാർച്ചിൽ 1.03 ബില്യൺ ജനങ്ങളാണ് വിഐയുടെ 4ജി നെറ്റ്‌വര്‍ക്ക് കവറേജ് പരിധിയിലുണ്ടായിരുന്നത്. എന്നാല്‍ 2024 ഡിസംബർ അവസാനത്തോടെ ഇത് 41 ദശലക്ഷം വര്‍ധിച്ച് 1.07 ബില്യണിലെത്തി. വരിക്കാരുടെ എണ്ണത്തിലും വളര്‍ച്ച വിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2024 സാമ്പത്തിക വർഷം മൂന്നാംപാദത്തിലെ ആകെ വരിക്കാരുടെ എണ്ണം 125.6 ദശലക്ഷമായിരുന്നെങ്കില്‍, 2025 സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിന്‍റെ അവസാനം ഈ സംഖ്യ 126 ദശലക്ഷമായി ഉയര്‍ന്നു. ഡിസംബർ പാദത്തിൽ മൊത്തം വരിക്കാരുടെ എണ്ണം 199.8 ദശലക്ഷമായിരുന്നുവെന്നും കമ്പനി റിപ്പോർട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വിഐയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 15.4 മില്യണ്‍ കുറവുണ്ടായി. കൂടാതെ, രണ്ടാം പാദത്തിൽ 166 രൂപയായിരുന്ന ശരാശരി ഉപയോക്തൃ വരുമാനം (ARPU) മൂന്നാം പാദത്തിൽ 173 രൂപയായി വർധിപ്പിച്ചതായും ഇത് 4.7 ശതമാനം വർധനവാണ് കാണിക്കുന്നതെന്നും വിഐ റിപ്പോർട്ട് ചെയ്തു. താരിഫ് വർധനവും ഉയർന്ന വിലയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും ഈ വർധനവിന് കാരണമായതായി കമ്പനി പറഞ്ഞു.