മലപ്പുറം: വേങ്ങരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. വേങ്ങര സ്വദേശി അബ്ദുൾ വദൂദാണ് (18) മരിച്ചത്. തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ പൊട്ടിക്കിടന്ന വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് മൂന്നുപേർ ഷോക്കേറ്റ് മരിച്ചു. ഇന്ന് രാവിലെ ആറ്റിങ്ങലിലെ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി ( 87) ആണ് മരിച്ചത്. വെെദ്യുതി പോസ്റ്റിൽ നിന്ന് വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റിരിക്കുന്നത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടിൽ ചെന്ന് വീട്ടിൽ കറണ്ടില്ലെന്ന് പറഞ്ഞിരുന്നു. രാവിലെ ഇലക്ട്രിഷൻ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെെദ്യുതി ലെെൻ കയ്യിൽ കുരുങ്ങിയ അവസ്ഥയിലാണ്. ഭിന്നശേഷിക്കാരിയായ മകളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്.
തോട്ടത്തിൽ പൊട്ടിവീണ കെഎസ്ഇബിയുടെ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് കർഷകനും മരിച്ചിരുന്നു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്വന്തം തോട്ടത്തിൽ തേങ്ങ എടുക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. തോട്ടത്തിലെത്തിയ മാരിമുത്തു പൊട്ടിക്കിടന്ന കെഎസ്ഇബി ലെെൻ കമ്പിയിൽ അറിയാതെ ചവിട്ടുകയായിരുന്നു.