പകുതി വില തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറെന്ന നിഗമനത്തിൽ പൊലീസ്. പകുതി വിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയത് അവസരമായി കണ്ട്, കഴിഞ്ഞ ഫെബ്രുവരിയിൽ ആനന്ദ കുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തല്‍. എന്‍ജിഒ കോൺഫെഡറേഷന്റെ ചുമതലയിൽ നിന്ന് ആനന്ദകുമാർ ഒഴിഞ്ഞ സാഹചര്യവും പരിശോധിക്കുന്നുണ്ട്. പിടിയിലായ അനന്തുകൃഷ്ണൻ ആനന്ദകുമാറിന്റെ ബെനാമി ആണോ എന്നും പൊലീസ് പരിശോധിക്കുന്നു. എട്ടുമാസം കൊണ്ട് നാല് അക്കൗണ്ടുകളിലേക്ക് എത്തിയത് 500 കോടിയിൽ അധികം തുകയെന്നും കണ്ടെത്തി. തട്ടിപ്പിനായി രൂപീകരിച്ച എന്‍ജിഒ കോൺഫെഡറേഷൻ സംഘടന ഭാരവാഹികൾക്ക് എതിരെയും അന്വഷണം ആരംഭിച്ചു. അനന്തുകൃഷണന്റെ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും.
അതേസമയം, കോഴിക്കോട് പകുതി വില തട്ടിപ്പിൽ ഇടനിലക്കാരായി അനന്തു കൃഷ്ണൻ ഉപയോഗിച്ച നാഷണൽ എൻജിഓ കോൺഫെഡറേഷൻ സംഘടന, സിറ്റി കമ്മിഷണർക്കും വിജിലൻസിനും പരാതി നൽകി. ജില്ലയിൽ അയ്യായിരത്തിലധികമാളുകൾ തട്ടിപ്പിന് ഇരയായതായാണ് കണക്കുകൾ. 20 കോടിയോളം രൂപയുടെ തട്ടിപ്പുണ്ടായെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പ് നടത്തിയവർ സംഘടനകളെയും അതിലൂടെ സാധാരണക്കാരെയും വഞ്ചിച്ചു എന്നു പറഞ്ഞാണ് പരാതി.
വയനാട്ടില്‍ അക്ഷയ സെന്‍ററുകള്‍ വഴിയാണ് തട്ടിപ്പിലേറെയും നടന്നത്. ജില്ലയിലെ 22 സെന്‍ററുകളിലായി അഞ്ഞൂറോളം പേര്‍ പണമടച്ച് വെട്ടിലായെന്നാണ് റിപ്പോര്‍ട്ട്. ബത്തേരി മേഖലയിലാണ് കൂടുതൽ തട്ടിപ്പുകൾ നടന്നത്. അറുപതിനായിരത്തിനു പുറമെ 5900 രൂപ കമ്മീഷൻ കൂടി വാങ്ങിയായിരുന്നു തട്ടിപ്പ്. അക്ഷയ സെന്ററുകൾ തട്ടിപ്പിന് മുന്നിൽ നിൽക്കുന്നതായി കാണിച്ചു കഴിഞ്ഞ ഒക്ടോബറിൽ തന്നെ സി. ഐ. ടി. യുവിനു കീഴിലുള്ള അസോസിയേഷൻ ഓഫ് ഐ. ടി എംപ്ലോയീസ് ജില്ലാ കലക്ടർക്ക് പരാതി നൽകിയെങ്കിലും പരിഗണിച്ചി്ലെന്നും ആക്ഷേപമുണ്ട്. ഇരുപതോളം പരാതികള്‍ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലാവട്ടെ ഇതുവരെ 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സിപിഎം ജില്ലാ സമ്മേളത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തുമ്പോള്‍ പരാതി നല്‍കാനാണ് തട്ടിപ്പിനിരയായവരുടെ തീരുമാനം