തന്റെ പരാമർശം വളച്ചൊടിച്ചെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പറഞ്ഞത് മുഴുവൻ കൊടുത്തിട്ടില്ലെന്നും അവ ഹൃദയത്തിൽ നിന്ന് വന്നതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നല്ല ഉദ്ദേശം മാത്രമാണുള്ളത്. മുന്നോക്ക ജാതിക്കാരുടെ കാര്യം നോക്കാൻ പിന്നാക്കക്കാരെയും കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. തനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ എയിംസ് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നാണ് ആഗ്രഹം. തന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദിവാസി വകുപ്പ് ഉന്നത കുലജാതർ കൈകാര്യം ചെയ്യണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് വിവാദമായത്. ബ്രാഹ്മണനോ നായിഡുവോ ആ വകുപ്പ് കൈകാര്യം ചെയ്താൽ മാത്രമേ ആദിവാസികളുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡൽഹിയിൽ മയൂർ വിഹാറിൽ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. ആദിവാസി വകുപ്പ് തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർന്നാണ് ഇപ്പോൾ പ്രസ്താവന പിൻവലിച്ചത്.
‘2016 ൽ ഞാൻ ആദ്യം എംപിയായതുമുതൽ മോദിജിയോട് പറയുന്നതാണ് എനിക്ക് സിവിൽ ഏവിയേഷൻ വേണ്ട ട്രൈബൽ തരൂ എന്നത്. ഒരു ഉന്നത കുലജാതൻ അവർക്കുവേണ്ടി ട്രൈബൽ മന്ത്രിയാവണമെന്നത് എന്റെ ആഗ്രഹമാണ്. മന്ത്രിയാകാൻ യോഗ്യതയുള്ള ഒരു ട്രൈബൽ വിഭാഗക്കാരനുണ്ടെങ്കിൽ അയാളെ മുന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള മന്ത്രിയാക്കണം. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ഈ പരിവർത്തനം ഉണ്ടാവണം’ സുരേഷ് ഗോപി പറഞ്ഞത്.