മലപ്പുറം: എളങ്കൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ. പൂക്കോട്ടുംപാടം സ്വദേശി വിഷ്‌ണുജയാണ് മരിച്ചത്. എളങ്കൂർ സ്വദേശി പ്രഭിന്റെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വിഷ്‌ണുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രഭിനിനെതിരെ ചുമത്തിയിരിക്കുന്നത്. മഞ്ചേരിയിലെ വീട്ടിൽ നിന്ന് ഇന്നുരാവിലെ പ്രഭിനെ കസ്റ്റഡിയിലെടുത്തിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം പ്രഭിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
2023 മേയിലാണ് വിഷ്‌ണുജയും പ്രഭിനും വിവാഹിതരായത്. മഞ്ചേരി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്‌സ് ആണ് പ്രഭിൻ. വിഷ്‌ണുജയ്ക്ക് ജോലിയില്ലെന്നും സൗന്ദര്യം കുറവാണെന്നും സ്‌ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് പ്രഭിൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. നിറത്തിന്റെ പേരിലും ക്രൂരമായി ദ്രോഹിച്ചു. പീഡനങ്ങളിൽ മകൾ ഭർതൃവീട്ടുകാരുടെ സഹായം തേടിയപ്പോൾ അവർ പ്രഭിന്റെ പക്ഷം ചേരുകയാണ് ചെയ്തതെന്നും വിഷ്ണുജയുടെ കുടുംബം ആരോപണം ഉന്നയിച്ചു.
യുവതിയുടെ മരണത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മലപ്പുറം ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല. സ്ത്രീധന പീഡനം സംബന്ധിച്ച തെളിവ് ലഭിച്ചാൽ അതിന്റെ വകുപ്പുകൾ കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് പ്രഭിനിന്റെ കുടുംബം പറയുന്നത്. പ്രഭിനും വിഷ്‌ണുജയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വീട്ടിൽവച്ച് മർദ്ദനമുണ്ടായിട്ടില്ല. വിഷ്‌ണുജയുടെ മരണത്തിൽ വീട്ടുകാർക്ക് പങ്കില്ലെന്നും പ്രഭിനിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.