മഹാ കുംഭമേളയിൽ പുണ്യസ്നാനം ചെയ്യുന്ന തരത്തിൽ എ ഐ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിൽ നടൻ പ്രകാശ് രാജിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മൈസൂരു ലക്ഷ്മിപുരം പൊലീസാണ് നടന്റെ പരാതിയിൽ പ്രശാന്ത് സംബർഗി എന്നയാൾക്കെതിരെ കേസെടുത്തത്.പ്രകാശ് രാജ് കുംഭ മേള സംഗമത്തിൽ മുങ്ങി കുളിക്കുന്ന വ്യാജ ചിത്രം എക്സ് ഹാൻഡിൽ വഴി ആയിരുന്നു ഇയാൾ പ്രചരിപ്പിച്ചത് .താൻ പിന്തുടരുന്ന ആദർശത്തെയും തന്നെയും അപമാനിക്കാനാണ് പ്രശാന്ത് സംബർഗി ശ്രമിച്ചതെന്ന് നടൻ പരാതിയിൽ പറയുന്നു. മൈസൂര്‍ സിറ്റി പോലീസ് കമ്മീഷ്ണറെ നേരിട്ട് സമീപിച്ചായിരുന്നു പ്രകാശ് രാജ് പരാതി നൽകിയത്.രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ് മഹാകുംഭമേളയുടെ സന്ദേശം. ആ സമയത്തു പോലും തന്റെ ചിത്രങ്ങൾ ഇങ്ങനെ വ്യാജമായി പ്രചരിപ്പിക്കുന്നവർ ലജ്ജിക്കണം എന്ന് പ്രകാശ് രാജ് എക്‌സിൽ കുറിച്ചു.