ഇന്ന് ധീരജ് രക്തസാക്ഷി ദിനം. ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്ന ധീരജ് രാജേന്ദ്രനെ യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയിട്ട് 3 വർഷം പിന്നിടുകയാണ്.
2022 ജനുവരി 10, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിക്കുവാൻ മിനിറ്റുകൾ മാത്രം. ഭക്ഷണം കഴിക്കുവാൻ നടന്നുവന്ന ധീരജ് അടക്കമുള്ള വിദ്യാർത്ഥികളെ യൂത്ത്കോൺഗ്രസിന്റെ കൊലയാളി സംഘം കടന്നാക്രമിക്കുന്നു. ധീരജിനും അഭിജിത്തിനും അമലിനും കുത്തേറ്റു. അപ്പോൾ തന്നെ മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ധീരജിന്റെ ജീവൻ രക്ഷിക്കുവാനായില്ല. മറ്റു രണ്ടുപേരും ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.കൊലയാളികളെ തള്ളിപ്പറയുവാനോ കൊലപാതകത്തെ അപലപിക്കുവാനോ തയ്യാറാവാതെ കോൺഗ്രസ് നേതൃത്വം ഇന്നും സംരക്ഷിക്കുകയാണ്. ജീവിതകാലത്തിന്റെ ഏറിയ പങ്കും കോൺഗ്രസ് പ്രവർത്തകനായി ജീവിച്ച ഒരു പിതാവിന്റെ മകന്റെ കൊലപാതകത്തെ ഇരന്നു വാങ്ങിയ മരണം എന്നാണ് കെപിസിസി പ്രസിഡന്റ് വിശേഷിപ്പിച്ചത്.
ജാമ്യം കിട്ടി പുറത്തിറങ്ങിയ കൊലപാതക സംഘം പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനർമാരായി മാറി.
ക്യാമ്പസിന്റെ ഏറ്റവും പ്രിയങ്കരനായിരുന്ന വിദ്യാർത്ഥി നേതാവിനെ, കലാലയത്തിന്റെ പാട്ടുകാരനെ കൊലപ്പെടുത്തി വിദ്യാർത്ഥികളെ ഭയപ്പെടുത്തുവാൻ ശ്രമിച്ചവർക്കു മറുപടിയായി ആ ക്യാമ്പസിലെ വിദ്യാർത്ഥികൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് എതിരില്ലാത്ത വിജയമാണ് നൽകിയത്.രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ ധീരജ് രക്തസാക്ഷിത്വം വരിച്ച 1.15 നു പതാക ഉയർത്തി, ധീരജ് കുത്തേറ്റു വീണ സ്ഥലത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പ്പാർച്ചന നടത്തും. 3 മണിക്ക് ആരംഭിക്കുന്ന വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും ഉടുമ്പൻചോല എം എൽ എ എം എം മണി ഉദ്ഘാടനം ചെയ്യും. എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ആദർശ് എം സജി അനുസ്മരണ പ്രഭാഷണം നടത്തും