സാമൂഹിക ക്ഷേമവും സൗഹാർദവും ഉറപ്പുവരുത്തുന്നതിനായി മഹല്ല് ശാക്തീകരണത്തിന് വഴിയൊരുക്കുകയാണ് മൂക്കുതല വടക്കുമുറി മഹല്ല് കൂട്ടായ്മ.ഇതിനായി മഹല്ലിലെ വിവിധ വിഭാഗങ്ങളുടെ സംഗമവും ബോധവൽക്കരണ പരിപാടിയും ഡിസംബർ 22ന് ഞായറാഴ്ച മൂക്കുതലയില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നാട്ടില്‍ പരസ്പര സഹകരണവും സൗഹാർദ്ദവും സഹവർത്തിത്വം വളർത്തിയെടുക്കുകയാണ് സംഗത്തിന്റെ പ്രധാന ലക്ഷ്യം.സ്വാർത്ഥതയും പരിമിത ചിന്താഗതിയും ശക്തി പ്രാപിക്കുന്ന കാലഘട്ടത്തിൽ പ്രാദേശിക തലത്തിലുള്ള ആശയവിനിമയവും സഹകരണവും ഉറപ്പാക്കാനാണ് സമിതിയുടെ ശ്രമമെന്നും സംഘാടകര്‍ പറഞ്ഞു.മഹല്ലിലെ മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്തുന്ന രീതിയിലാണ് സംഗമം ഒരുക്കുന്നത്.പാവപ്പെട്ടവർക്കും പ്രയാസപ്പെടുന്നവർക്കും സഹായ ഹസ്തം നീട്ടുക,അയൽവാസികളുടെ കടപ്പാടുകളെ മനസ്സിലാക്കി അവ നിർവഹിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ മഹല്ലിന്റെ ശാക്തീകരണമാണ് മഹല്ല് കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്.വിഭാഗീയ ചിന്തകള്‍ക്കപ്പുറത്ത്മഹല്ലിലെ മുഴുവന്‍ ജനങ്ങളും സഹോദരങ്ങളായി ജീവിക്കുക എന്നതാണ് പരിപാടി നൽകുന്ന സന്ദേശമെന്നും മഹല്ലിലെ മുഴുവന്‍ ആളുകളും പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.അബ്ദുല്‍ കരീം കെവി,മഹല്ല് ഖത്തീബ് ഇസ്മായില്‍ ബാഖവി,സിദ്ധീക് ടി,സുലൈമാന്‍ കെഎ,സുധീര്‍ അറക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു