ശബരിമല: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മലകയറി ശബരിമലയിലെത്തി അയ്യപ്പനെ തൊഴുതു. തിങ്കളാഴ്ചയാണ് സതീശൻ ദർശനം നടത്തിയത്. സുഹൃത്തുക്കൾക്കും പേഴ്സണൽ സ്റ്റാഫിനുമൊപ്പം കറുപ്പ് ധരിച്ചാണ് അയ്യപ്പ ഭക്തനായ സതീശൻ മല കയറിയത്.തിങ്കളാഴ്ച അതിരാവിലെ പറവൂരിലെ വീട്ടിൽ നിന്ന് കെട്ടുകെട്ടിയാണ് യാത്ര തിരിച്ചത്. രാവിലെ 8 മണിയോടെ പമ്പയിലെത്തി. അവിടെ പമ്പാ സ്നാനം നടത്തി. തുടര്‍ന്ന് ഗണപതി ക്ഷേത്രത്തിൽ തൊഴുത് പ്രസാദവും വാങ്ങി മലകയറി. 11 മണിയോടെ ശബരിമലയിലെത്തി.സോപാനത്തെ ഒന്നാം നിരയിൽ മറ്റു തീർത്ഥാഥാടകർക്ക് ഒപ്പം വരി നിന്നാണ് അയ്യപ്പനെ കണ്ടു തൊഴുതത്. തിരക്കിനിടയിൽ ഒരു മിനിറ്റോളം അയ്യനെ തൊഴുതു. പ്രസാദം വാങ്ങി. നേരെ മാളികപ്പുറത്ത് എത്തി ദർശനം നടത്തി. പിന്നീട് സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടു. വഖഫ് വിഷയത്തിലെ പ്രതികരണം അടക്കം മാധ്യമപ്രവർത്തകരുടെ എല്ലാ ചോദ്യങ്ങൾക്കും വിശദമായ മറുപടി നൽകി.ഉച്ചകഴിഞ്ഞ് മല ഇറങ്ങി. വൈകിട്ടോടെ പമ്പയിലെത്തി. അവിടെ നിന്ന് നേരെ തിരുവനന്തപുരത്തേക്ക് തിരിച്ചു.തിരുവനന്തപുരം ലോ അക്കാദമിയിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി ശബരിമല ദർശനത്തിന് എത്തിയത്. കോളേജ് യൂണിയൻ ചെയർമാന്റെ നൂറനാട്ടെ വീട്ടിൽ നിന്നാണ് കെട്ടു മുറുക്കി ആദ്യമായി ശബരിമല ദർശനം നടത്തുന്നത്.പലതവണയായി 25 തവണ ശബരിമലയിലെത്തി അയ്യപ്പനെ തൊഴുതു. ഏറ്റവും ഒടുവിൽ പോയത് 12 വർഷം മുൻപായിരുന്നു. കാൽമുട്ട് വേദനയെ തുടർന്ന് പിന്നീട് മലകയറാൻ വയ്യാതെയായത്.ഇപ്പോൾ മുട്ടുവേദന കുറഞ്ഞതോടെ മലകയറാൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണ മല നടന്നു കയറുമ്പോൾ പ്രയാസം തോന്നിയില്ലെന്നും വി ഡി സതീശൻ പറയുന്നു











