ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനുള്ള ഐ.ആർ.സി.ടി.സി.യുടെ ഇടിക്കറ്റ് സംവിധാനം താത്കാലികമായി തടസപ്പെട്ടു. മെയിന്റനൻസുമായി ബന്ധപ്പെട്ട് കുറച്ചു നേരത്തേക്ക് ആപ്പ് വർക്ക് ചെയ്യില്ലെന്നും ഒരു മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നുമാണ് ഐ.ആർ.സി.ടി.സി അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ തത്കാൽ ടിക്കറ്റെടുക്കാൻ ശ്രമിച്ചവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. കാൻസലേഷനുമായി ബന്ധപ്പെട്ട പരാതികൾക്ക് കസ്‌റ്റമർ കെയറുമായി ബന്ധപ്പെടാമെന്നും ഐ.ആർ.സി.ടി.സി വ്യക്തമാക്കി.
നവീകരിച്ച പുതിയ ആപ്പ് ഡിസംബറിൽ വരുമെന്നാണ് ഐ.ആർ.സി.ടി.സി നേരത്തെ വ്യക്തമാക്കിയിരുന്നത്. പുതിയ ആപ്പ് വരുന്നതോടെ യാത്രാ ടിക്കറ്റ്, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ട്രെയിൻ ലൈവായി ട്രാക്ക് ചെയ്യൽ എന്നീ കാര്യങ്ങളെല്ലാം ഒരുകുടക്കീഴിലാവും. ഈ മാസം കൊണ്ടുതന്നെ ആപ്പ് നവീകരണം പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.