കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ സമ്മാനിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് എഴുത്തുകാരന് അവാർഡ് സമ്മാനിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
എഴുത്തച്ഛനുമായുള്ള ആത്മീയവും സാഹിത്യപരവുമായ ബന്ധത്തെക്കുറിച്ചും പുതിയ നോവൽ രചനയെക്കുറിച്ചും മേതിൽ പറഞ്ഞു. ഗ്ലോക്കോമ ബാധിച്ചതിനെത്തുടർന്ന് വലതുകണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടതായും ഇടതുകണ്ണിന്റെ കാഴ്ച നിലനിർത്താൻ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
1944 ആഗസ്ത് 24ന് പാലക്കാട് ജില്ലയിലെ ആലത്തൂർ പുതിയങ്കത്താണ് മേതിലിന്റെ ജനനം. ചിറ്റൂർ ഗവൺമെന്റ് കോളെജിലും തൃശ്ശൂർ കേരളവർമ്മ കോളേജിലും വിദ്യാഭ്യാസം. ഒരു നോർവീജിയൻ ഷിപ്പിംഗ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും നെസ്റ്റ് സോഫ്റ്റ്വെയർ യുഎസ്എയുടെ മദ്രാസ് ശാഖയിൽ സീനിയർ സാങ്കേതികലേഖകനായും ദീർഘകാലം പ്രവർത്തിച്ചിരുന്നു.
സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, പെൻഗ്വിൻ, ഡിലൻ തോമസിന്റെ പന്ത്, നായകന്മാർ ശവപേടകങ്ങളിൽ, സംഗീതം ഒരു സമയകലയാണ്, മേതിൽ കഥകൾ, മേതിൽ കവിതകൾ, രോമം, ദൈവം മനുഷ്യൻ യന്ത്രം, ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം, ആൽബട്രോസിന്റെ കരച്ചിൽ, മൂന്നുവര, ഭൂമിയെയും മരണത്തെയും കുറിച്ച്, സൂര്യമത്സ്യത്തെ വിവരിക്കൽ, ചൂണ്ടുന്ന എലി ചൂണ്ടെലി, ഇവിടെ ഒരു വവ്വാൽ ഇല്ല, സീബ്ര ക്രോസിംഗ്, പെൻഗ്വിൻ എന്നിവ പ്രധാന കൃതികൾ. ജീവിതപങ്കാളി: പരേതയായ പ്രഭാവതി. മക്കൾ: പരേതയായ ജൂൺ, ജൂലിയൻ.








