നവംബർ മാസം അവസാനിക്കാൻ ഇനി കൈയിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണുള്ളത്. ഡിസംബർ ഒന്നുമുതൽ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുകയാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡിലും ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിലടക്കം മാറ്റങ്ങൾ സംഭവിക്കാൻ പോകുകയാണ്. ഓഹരി വിപണിയിലെ നിക്ഷേപ നടപടികളിലും ജിഎസ്ടി രജിസ്ട്രേഷൻ തുടങ്ങിയവയിലും മാറ്റങ്ങൾ സംഭവിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.
പ്രത്യേക ഇടപാടുകൾക്ക് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ അധിക തുക നൽകേണ്ടി വരും. 30,000 രൂപയ്ക്ക് മുകളിലുള്ള ഓരോ ഇടപാടിനും ഒരു ശതമാനം ഫീസ് ഈടാക്കും. ഉദാഹരണത്തിന് 35,000 രൂപയുടെ ട്രാൻസ്പോർട്ടേഷൻ ഇടപാട് നടത്തിയാൽ 350 രൂപ അധികമായി നൽകേണ്ടി വരും. കമ്മോഡിറ്റി ഡെറിവേറ്റീവ് വ്യാപാരം നടത്തുന്നവർക്കായി സെബി പുതിയ മാർജിൻ വ്യവസ്ഥകൾ നടപ്പാക്കുന്നുണ്ട്. ഡിസംബർ ഒന്ന് മുതൽ ചരക്കുകളുടെ വിലയിലെ ചാഞ്ചാട്ടം അനുസരിച്ചായിരിക്കും മിനിമം ഇനീഷ്യൽ മാർജിൻ നിശ്ചയിക്കുക.
ഇതിനൊപ്പം തന്നെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ കാർഡുടമകൾക്കും യോഗ്യരായ വിദേശ പൗരന്മാർക്കും ഓഹരി വിപണിയിലെ നിക്ഷേപ നടപടികൾ കൂടുതൽ എളുപ്പമാകുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 3 മുതൽ യോഗ്യതയുള്ളവർക്ക് ഇന്ത്യയിലെത്താതെ തന്നെ വിദൂരമായി കെവൈസി നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യം ലഭിക്കും. സെബി രജിസ്റ്റർ ചെയ്ത ഇടനിലക്കാർ വഴിയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്.
അതുപോലെആധാർ കാർഡിലെ ഇമെയിൽ വിലാസം അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഡിസംബർ 31 വരെ സൗജന്യമായി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങളിലും ഡിസംബർ ഒന്നുമുതൽ മാറ്റങ്ങൾ വരും. കേന്ദ്ര പരോക്ഷ നികുതി ബോർഡിന്റെ പുതിയ വിജ്ഞാപനപ്രകാരം നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന സാഹചര്യങ്ങളിൽ ജിഎസ്ടി പോർട്ടൽ വഴി ഇലക്ട്രോണിക് രീതിയിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികൾ ലളിതമാക്കും.









