പള്ളിക്കൽ: പള്ളിക്കൽ ബസാറിനടുത്ത് സ്ഥിരമായി ആൾത്താമസമില്ലാത്ത ആരക്കോട്ട് പുൽപ്പറമ്പിലുള്ള വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ കിളിമാനൂർ കാട്ടുപുതുശ്ശേരി തോളൂർ വീട്ടിൽ ഫൈസൽ (26) എന്നയാളെയാണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.പെയിന്റിങ് തൊഴിലാളിയായ ഫൈസൽ മൂന്നു ദിവസം മുൻപ് ജോലിക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണെന്ന് നാട്ടിൽനിന്ന് വന്ന ബന്ധുക്കൾ പറഞ്ഞു. ഇയാളെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പോലീസ് പള്ളിക്കലെത്തിയത്. തേഞ്ഞിപ്പലം എസ്.എച്ച്.ഒ. ഷുഹൈബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഫൈസൽ മരിച്ചുകിടന്ന വീട്ടിലെത്തിയത്.
ആ സമയത്ത് വീട്ടിലുണ്ടായിരുന്ന വീട്ടുടമസ്ഥരിൽ ഒരാളായ മുഹമ്മദ് ഷാബിൽ (29), കൊല്ലം മൈനാഗപ്പള്ളി സ്വദേശി മുഹമ്മദ് അഫ്‌സൽ (30) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. ഫൈസൽ മരിച്ചുകിടന്ന വീട് മയക്കുമരുന്നുവില്പനക്കാരുടെ താവളമാണെന്ന് പറയുന്നു.
മയക്കുമരുന്നിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.









