കോട്ടയം: ലഹരിപരിശോധനയ്ക്കും പ്രതികളെ പിടികൂടാനും ഇനി പോലീസിന്റെ ഡാൻസാഫ് സംഘമെത്തുക തോക്കുമായി. സംസ്ഥാനത്തെ ഡാൻസാഫ് സംഘത്തിലെ എല്ലാ അംഗങ്ങൾക്കും കൈത്തോക്ക് ഉപയോഗത്തിൽ പരിശീലനം നൽകും. പോലീസുകാർക്ക് നേരേ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് ഉപമേധാവി പി.വിജയനാണ് ഉത്തരവിറക്കിയത്.പരിശീലനത്തിന് മേൽനോട്ടം വഹിക്കാൻ സോൺ ഐ.ജി. മാരെയും റേഞ്ച് ഡി.ഐ.ജി. മാരെയും ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ ആയുധം കൈകാര്യം ചെയ്യേണ്ടിവന്നാൽ അതിന് ഒരുങ്ങിയിരിക്കണം. ഈരാറ്റുപേട്ടയിൽ ഡാൻസാഫ് സംഘവുമായി ഏറ്റമുട്ടലുണ്ടായതും തീരുമാനം ഉടൻ വരാൻ കാരണമായി. ലഹരിക്കേസുകൾ വെറും പിടിച്ചെടുക്കലിൽ ഒതുങ്ങരുതെന്ന് 2018-ൽ തന്നെ പോലീസ് മേധാവി നിർദേശിച്ചിരുന്നു.
കേരളം ലഹരിക്കടത്തിന്റെ ട്രാൻസിറ്റ് കേന്ദ്രമായി ഉപയോഗിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ലഹരിമരുന്നുമായി ഒരാളെ പിടികൂടിയാൽ കേസ് അവിടെ അവസാനിപ്പിക്കരുതെന്നതായിരുന്നു 2018-ലെ പ്രധാന നിർദേശം.
അയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെ കണ്ടെത്തുക, മൊത്തവിതരണക്കാരെയും വൻകിട ഇടപാടുകാരെയും കണ്ടെത്തുക, ഉത്പാദന കേന്ദ്രങ്ങൾ മനസ്സിലാക്കുക തുടങ്ങിയവയും നിർദേശിച്ചിരുന്നു.
ലഹരിമരുന്ന് പിടിച്ചെടുക്കുന്ന കേസുകളുടെ എണ്ണവും കുറവാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകൾ വേണ്ടത്ര പ്രയോഗിക്കുന്നുമില്ല.പ്രത്യേക അന്വേഷണങ്ങൾക്കും നിരീക്ഷണത്തിനും ആവശ്യമായ ഉദ്യോഗസ്ഥരുടെ കുറവും, ഒരേസമയം പല കേസുകൾ കൈകാര്യം ചെയ്യേണ്ടിവരുന്നതിലെ ബുദ്ധിമുട്ടും ഡാൻസാഫ് സംഘത്തിന് പ്രധാന വെല്ലുവിളിയാണ്.
പ്രതികളെ പിന്തുടരാനും നിരീക്ഷിക്കാനും ആവശ്യത്തിന് വാഹനങ്ങൾ, ലഹരിക്കടത്ത് ശൃംഖലകളെ കണ്ടെത്താനുള്ള സാങ്കേതിക സംവിധാനങ്ങൾ, ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാനുള്ള സൈബർ ഫോറൻസിക് സൗകര്യങ്ങൾ എന്നിവയാണ് ഇനി വേണ്ടത്.
കേസ് രജിസ്റ്റർചെയ്യുന്നതും തുടർ അന്വേഷണം നടത്തുന്നതും വ്യത്യസ്ത യൂണിറ്റുകൾ കൈകാര്യം ചെയ്യുന്നത് അന്വേഷണത്തിൽ വീഴ്ചകൾക്ക് ഇടയാക്കാമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2024-ൽ സർക്കാർ ഡാൻസാഫിനും ജില്ലാ നാർക്കോട്ടിക് സെല്ലിനും കേസുകൾ രജിസ്റ്റർചെയ്യാനുള്ള അധികാരം നൽകിയിരുന്നു.









