എടപ്പാൾ : തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി സി.പി. അലവി ഹാജി ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുനരാരംഭിച്ചു. ദീർഘകാലമായി കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന കോളനിയിലെ കുടുംബങ്ങൾക്ക് ഇതോടെ ആശ്വാസമായി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഡ്വ. വി.എസ്. ജോയ് എം.എൽ.എയും ഡോ. സി.പി. ബാവ ഹാജിയും കോളനിയിലെത്തിയപ്പോൾ പ്രദേശവാസികൾ കുടിവെള്ള പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചോർച്ചയുണ്ടായ ടാങ്കും വീടുകളിലേക്കുള്ള തകരാറിലായ പൈപ്പ് കണക്ഷനുകളും കാരണം പദ്ധതി പ്രവർത്തനരഹിതമായിരുന്നു.
തുടർന്ന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സി.പി. അലവി ഹാജി ട്രസ്റ്റിന്റെയും ഡോ. സി.പി. ബാവ ഹാജിയുടെ മക്കളായ സമീറ സി.പി., ഡോ. നിസ്മത്ത്, മുനീറ സി.പി. എന്നിവരുടെയും നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പദ്ധതി പ്രവർത്തനസജ്ജമാക്കി.
നവീകരിച്ച പദ്ധതിയുടെ പുനർസമർപ്പണവും ഉദ്ഘാടനവും ഡോ. സി.പി. ബാവ ഹാജി നിർവഹിച്ചു. വി.കെ.എ. മജീദ് അധ്യക്ഷത വഹിച്ചു. സി. രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷറ ജലീൽ, ഡോ. നിസ്മത്ത് സി.പി., വാർഡ് അംഗം മിനി ടി.വി., റഫീഖ് പിലാക്കൽ, സി.വി. രാമാനുണ്ണി, കെ.വി. ബാവ, അയ്യൂബ് ആലുക്കൽ, ഇസ്മായിൽ, അബ്ദുട്ടി തലമുണ്ട എന്നിവർ സംസാരിച്ചു.










