കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനു നിർദേശം നൽകിയിരുന്നെങ്കിലും ഹാജരാക്കിയിരുന്നില്ല. ഹർജിയിൽ വിശദവാദം കേൾക്കാനായി ജസ്റ്റിസ് കൗസർ എടപ്പഗത്ത് 12ലേക്കു മാറ്റി. കേസ് ഡയറി പരിശോധിച്ചു വ്യക്തത വരുത്തുമെന്നും കോടതി പറഞ്ഞു. അന്വേഷണത്തിന് സിബിഐ തയാറാണോയെന്ന കോടതിയുടെ ചോദ്യത്തിന് ഹൈക്കോടതി ഉത്തരവിട്ടാൽ അന്വേഷണം ഏറ്റെടുക്കാമെന്നായിരുന്നു മറുപടി. എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്നു കോടതി പറഞ്ഞു. നവീന്റെ ദേഹപരിശോധനയിലും ഇൻക്വസ്റ്റിലും പരുക്കുകൾ കണ്ടെത്തിയോ എന്നും കോടതി ചോദിച്ചു. ഇല്ലെന്നു പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്നാണു കേസ് ഡയറി പരിശോധിച്ച് വ്യക്തത തേടാമെന്നു കോടതി പറഞ്ഞത്. സർക്കാരിനോട് എതിർ സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ട് മാത്രം കേസ് വഴിതെറ്റിയെന്നു പറയാനാകില്ലെന്നും പൊലീസ് പക്ഷപാതം കാട്ടുന്നു എന്ന ആരോപണത്തിനു നിലവിൽ തെളിവുകളില്ലെന്നും കോടതി പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥൻ വേണമെന്ന് അഭിപ്രായമുണ്ടോയെന്നും കോടതി ആരാഞ്ഞു. എന്നാൽ നരഹത്യയടക്കം സംശയിക്കുന്നതിനാൽ സിബിഐ അന്വേഷണം വേണമെന്ന വാദത്തിൽ ഹർജിക്കാരി ഉറച്ചുനിന്നു.







