തിരുവനന്തപുരം:മെസ്സിയെ കേരളത്തിൽ എത്തിക്കാം എന്ന് പറഞ്ഞുള്ള തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ഉത്തരവ്. ഗവർണറുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് നടപടി. യു. ഷറഫലി , സത്യപാലൻ എന്നിവരെയും പ്രതി ചേർക്കും. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന് തന്നെയാണ് അന്വേഷണ ചുമതല.സ്പോൺസറെ വഴിവിട്ട് സഹായിച്ചെന്നും പദവി ദുരുപയോഗം ചെയ്തെന്നും കണ്ടെത്തൽ.
അതേസമയം, മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനെന്ന പേരിലുള്ള സാമ്പത്തിക ഇടപാടിലെ നികുതി വെട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയക്ക് തിരിച്ചടി.ജി.എസ്.ടി ഇന്റലിജൻസ് നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ആർബിസി ആർജന്റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ വഴി കൈമാറിയ 126 കോടിരൂപയിലാണ് ജിഎസ്.ടി അന്വേഷണം. 26 കോടിയുടെ നികുതി വെട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തൽ.
രണ്ട് ധനകാര്യ സ്ഥാപനങ്ങൾ പണം നൽകിയതിൽ സംശയമുണ്ടെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജിഎസ്ടി കാണിച്ചതിൽ പൊരുത്തക്കേടുകളെന്നും പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിൽ വന്ന പണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ടായിരുന്നു.






