ചങ്ങരംകുളം:കരാറുകാരന് പണം നൽകാത്തതിനെ തുടർന്ന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലെ ഇലക്ട്രിക് ഉപകരണങ്ങൾ ജപ്തി ചെയ്യാൻ കോടതിയുടെ നീക്കം.കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിലെത്തിയ അഡ്വക്കേറ്റ് കമ്മീഷൻ നീക്കം ചെയ്യാവുന്ന ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കോടതിക്ക് കൈമാറി.മുൻ ഭരണസമിതിയുടെ കാലത്താണ് കേസിനാസ്പദമായ സംഭവം. പഞ്ചായത്ത് കെട്ടിടത്തിന്റെ ഇലക്ട്രിക് വർക്ക് ചെയ്തതിന്റെ പണം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ കോൺട്രാക്ടർ നൽകിയ പരാതിയിൽ കഴിഞ്ഞ നവംബറിൽ പണം കൊടുത്ത് തീർക്കാൻ കോടതി പഞ്ചായത്ത് അധികൃതരോട് നിർദേശിച്ചിരുന്നു.
എന്നാൽ പണം നൽകുന്ന കാര്യത്തിൽ പഞ്ചായത്തിന്റെ ഭാഗത്ത് അനാസ്ഥ തുടർന്നതോടെയാണ് കോടതി വീണ്ടും ഇടപെട്ടത്.അഴിച്ചുമാറ്റാൻ കഴിയുന്ന മുഴുവൻ ഇലക്ട്രിക് ഉപകരണങ്ങളുടെയും പ്രത്യേക ലിസ്റ്റാണ് കമ്മീഷൻ തയ്യാറാക്കിയിട്ടുള്ളത്. തുടർനടപടികൾ കോടതി നിർദേശപ്രകാരം നടക്കും.







