താനൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ തടഞ്ഞുനിർത്തി ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ജമാൽപ്പീടിക സ്വദേശി എളേരക്കാട്ട് ഇബ്രാഹിം മുത്തൈസിർ (26) ആണ് അറസ്റ്റിലായത്.
ഇടവഴിയിൽ തടഞ്ഞുനിർത്തി കുട്ടിയെ കഴുത്തിനുപിടിച്ച് മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും പുറത്ത് മർദ്ദിക്കുകയും ചെയ്തതിനുശേഷം വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
കുട്ടിയും രക്ഷിതാവും താനൂർ പോലീസ്സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ താനൂർ ബീച്ച് പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു.
പ്രതി മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണെന്നും ലഹരി ഉപയോഗത്തെത്തുടർന്ന് സമൂഹവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണെന്നും പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ താനൂർ പോലീസ്സ്റ്റേഷനിൽ മുൻപ് നാലോളം കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്.







