വർക്കല പാപനാശത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച് യുവാക്കൾ. അമിതവേഗത്തിൽ പാഞ്ഞ കാറിന്റെ വിൻഡോയിലൂടെ പുറത്തേക്ക് വീഴാവുന്ന വിധത്തിൽ ശരീരത്തിന്റെ പകുതിയോളം പുറത്തേക്കിട്ട് യാത്ര ചെയ്യുന്ന യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. എട്ടാം തീയതി പുലർച്ചെ നടന്ന നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് .
വിനോദസഞ്ചാര മേഖലയായ വർക്കലയിൽ ഇത്തരം അപകടകരമായ ഡ്രൈവിങ് പതിവാകുന്നതായാണ് പ്രദേശവാസികളുടെ പരാതി. വിനോദസഞ്ചാരികളുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങൾ നാട്ടുകാർക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതമാകുന്നുണ്ട്.
അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങും വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും ശക്തമാണ്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.







