മുത്തശ്ശിയുടെ ബാധ ഒഴിപ്പിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ വ്ലോഗറുടെ സ്ഥാപനം അധികൃതർ പൂട്ടിച്ച് മുദ്രവെച്ചു. കേസിൽ അറസ്റ്റിലായ കായംകുളം പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസ് (34) ജൗഹറി ഡയറക്ടറായ ഓച്ചിറ മേമനയിലെ മതപാഠശാലയാണ് ഐസിഡിഎസ് സൂപ്പർവൈസർ, പഞ്ചായത്ത് വാർഡ് തല ജാഗ്രതാസമിതി, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ താൽക്കാലികമായി അടപ്പിച്ചത്.
നാൽപതോളം വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ പേരിൽ നടത്തിയ വൻ സാമ്പത്തിക ഇടപാടുകൾ, ഭൂമി വാങ്ങൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ മുത്തശ്ശിയോടൊപ്പം സ്ഥാപനത്തിലെത്തിയ പതിനാറുകാരിയെയാണ് ബാധ ഒഴിപ്പിക്കലിന്റെ പേരിൽ മുഹമ്മദ് നിയാസ് ലൈംഗികമായി പീഡിപ്പിച്ചത്. പ്രാർഥനയിലൂടെ രോഗവും ബാധയും ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു അതിക്രമം.
സ്ഥാപിത ലക്ഷ്യങ്ങൾക്ക് പുറമെ സാമ്പത്തിക തട്ടിപ്പുകളും നടന്നിട്ടുണ്ടോയെന്നും സമാന രീതിയിൽ കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.








