ഉത്തർപ്രദേശ്: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് കോടതി തള്ളി. ഉത്തർപ്രദേശ് സുൽത്താൻപൂരിലെ എംപി/എംഎൽഎ കോടതിയാണ് വിധി പറഞ്ഞത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് കോടതിയിൽ പരാതി നൽകിയിരുന്നത്. എട്ട് വർഷം മുൻപത്തെ കേസിലാണ് കോടതി വിധി പറഞ്ഞത്. 2018 ൽ ബംഗളൂരുവിലെ പരിപാടിയിൽ വച്ച് അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു പരാതി.
അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ ഒരു കൊലയാളിയാണെന്നായിരുന്നു രാഹുൽ പറഞ്ഞത്. 2005ലെ സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസുമായി ബന്ധപ്പെടുത്തിയായിരുന്നു പരാമർശം.
2023 നവംബർ 27ന് സുൽത്താൻപൂർ കോടതി രാഹുലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം 2024 ഫെബ്രുവരി 20നാണ് കോടതിയിൽ എത്തിയത്. ജാമ്യം നേടുകയും ചെയ്തിരുന്നു. 2024 ജൂലൈ 26ന് അദ്ദേഹം കേസിൽ കോടതിയിൽ മൊഴി നൽകി. തികഞ്ഞ ബോധ്യത്തോടെ തന്നെയാണ് താൻ അമിത്ഷായ്ക്കെതിരെ പരാമർശം നടത്തിയതെന്നും എന്നാൽ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും രാഹുൽ കോടതിയെ അറിയിച്ചിരുന്നു.
രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. നേരത്തെ, 2023 മാർച്ച് 23ന് സമാനമായ കേസിൽ രാഹുലിന് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് അദ്ദേഹം ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെടുകയും തുഗ്ലക് ലെയിനിലെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട 2019ലെ അപകീർത്തി കേസിലായിരുന്നു ഇത്.










