ന്യൂഡൽഹി: അടുത്തിടെയുണ്ടായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ജാഗ്രതാനിർദേശവും സുരക്ഷാ മുന്നറിയിപ്പും നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.). സൈബർ സുരക്ഷാ ലംഘനത്തിൽ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാൻ സാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഇമെയിൽ, വാട്ട്സ്ആപ്പ് എന്നിവ വഴി വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് എസ്.ബി.ഐ. അറിയിച്ചു.
അതേസമയം, ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെ പണം പൂർണമായും സുരക്ഷിതമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷിതമായ മാർഗങ്ങൾ പിന്തുടരണമെന്നും ബാങ്ക് ഓർമിപ്പിച്ചു.
നിങ്ങളുടെ ഒടിപി (OTP), പിൻ (PIN), പാസ്വേഡ് എന്നിവ ആരുമായും പങ്കുവെക്കരുതെന്നും സംശയാസ്പദമായ ഫോൺ കോളുകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയ്ക്കെതിരെ എപ്പോഴും ജാഗ്രത പാലിക്കണമെന്നും എസ്.ബി.ഐ. നിർദേശിച്ചു.









