ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ജനകീയ പ്രതിഷേധ മാർച്ച്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടന്ന മാർച്ച് പോലീസ് വഴിയിൽ തടഞ്ഞു. പിന്നീട് സമരം അവസാനിപ്പിക്കുന്നതായി നേതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ പ്രതിഷേധം അവസാനിച്ച ശേഷവും ഒരുവിഭാഗം പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് പോലീസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പോലീസിന്റെ വിലക്കുകൾ മറികടന്നാണ് കെവൈഎസ് അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം നടന്നത്. ആദ്യഘട്ടത്തിൽ വലിയ രീതിയിലുള്ള ആൾക്കൂട്ടമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധിക്കാനായി എത്തിയത്. ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രവർത്തകർ മാർച്ച് നടത്തിയത്.
സമരം അവസാനിച്ചതായി നേതാക്കൾ അറിയിച്ചതിനെ തുടർന്ന് മാർച്ചിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മടങ്ങിപ്പോവുകയായിരുന്നു. എന്നാൽ അതിനുശേഷവും അൻപതോളം പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രതിഷേധം തുടർന്നു. ഇവർ ഗോൾഡക്കാന സർക്കിളിന് ചുറ്റും മുദ്രാവാക്യം വിളികളോടെ വീണ്ടും റാലി പോലെ മുന്നോട്ടുനീങ്ങി. സമരം അവസാനിച്ചെന്നും ഉടൻതന്നെ പിരിഞ്ഞുപോകണമെന്നും പോലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും നേതാക്കളും പ്രവർത്തകരും ഇതിന് തയ്യാറായില്ല.
തുടർന്ന് പോലീസ് സംഘം പ്രതിഷേധക്കാരുടെ പിന്നാലെ നടന്ന് പ്രദേശം വിട്ടുപോകാൻ മുന്നറിയിപ്പ് നൽകി. എന്നാൽ വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർ പോലീസ് വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ ചെറുത്തുനിൽപ്പ് നടത്തി. ഇതോടെയാണ് പോലീസ് ബലം പ്രയോഗിച്ച് ഇവരെ വാഹനങ്ങളിലേക്ക് കയറ്റിയത്. വനിതാ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാനായി വനിതാ പോലീസുമുണ്ടായിരുന്നു. നേരത്തെ ഒരു ബസ് നിറയെ പ്രതിഷേധക്കാരെ പോലീസ് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. നിലവിൽ അവശേഷിക്കുന്ന എല്ലാവരെയും കസ്റ്റഡിയിലെടുത്ത് നീക്കിയിട്ടുണ്ടെന്നും പ്രദേശത്ത് ഇനി പ്രതിഷേധം അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.









