തൃശൂർ പുതുക്കാട് കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (70) പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വന്തം മകൻ തന്നെയാണ് ഗോപാലകൃഷ്ണന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വിനോദിനെ (37) പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തുടക്കത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, വിശദമായ അന്വേഷണത്തിലൊടുവിലാണ് കേസ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഒക്ടോബർ 21 ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അമ്മയുടെ മരണശേഷം വീട്ടിൽ അച്ഛനും മകനും മാത്രമാണ് താമസിച്ചിരുന്നത്. ലഹരിക്ക് അടിമയായ വിനോദ് മദ്യപിച്ചെത്തി സ്ഥിരമായി പിതാവിനെ മർദിക്കാറുണ്ടായിരുന്നു. ഒക്ടോബർ 21-ന് കഞ്ഞിവെള്ളം ദേഹത്തേക്ക് ഒഴിച്ചശേഷം പ്രതി ഗോപാലകൃഷ്ണനെ നോക്കാതെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി.
തുടർന്ന് രണ്ടുദിവസത്തോളം ഗുരുതരമായി പൊള്ളലേറ്റ് അവശനിലയിൽ വീട്ടിൽ കിടന്ന ഗോപാലകൃഷ്ണനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 23 വെള്ളിയാഴ്ച പുലർച്ചെയോടെ ഇയാൾ മരണപ്പെട്ടു. വൈകി ആശുപത്രിയിലെത്തിച്ചതിനാൽ പൊള്ളലുകളിലും മുറിവുകളിലും കടുത്ത അണുബാധയുണ്ടായതാണ് മരണകാരണമായത്.
ഗോപാലകൃഷ്ണന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് സഹോദരൻ മണികണ്ഠൻ നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്, വിനോദിനെ തൃശൂർ നഗരത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മാള പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത മോഷണശ്രമക്കേസിലും പ്രതിയാണ് വിനോദ്.










