തവനൂർ: മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കോട്ടക്കൽ ആസ്റ്റർ മിംസിന്റെയും ആസ്റ്റർ വോളന്റിയേഴ്സിന്റെയും നേതൃത്വത്തിൽ സൗജന്യ ഹൃദയാരോഗ്യ ഇ.സി.ജി. പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തവനൂർ വൃദ്ധസദനത്തിൽ നടന്ന ചടങ്ങിൽ വി.എസ്. ജോയ് എം.എൽ.എ. ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമീണ മേഖലകളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കിടയിലും ഹൃദ്രോഗ സാധ്യതകൾ നേരത്തെ തിരിച്ചറിയാൻ ഇത്തരം വൈദ്യസഹായ ക്യാമ്പുകൾ ഏറെ ഉപകരിക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ച് വി.എസ്. ജോയ് എം.എൽ.എ. പറഞ്ഞു.
ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടത്തിയ ക്യാമ്പുകളിലൂടെ 850-ലധികം പേർക്കാണ് ആസ്റ്റർ മിംസ് കാർഡിയോളജി വിഭാഗം സൗജന്യ ഇ.സി.ജി. പരിശോധന ലഭ്യമാക്കിയത്. സാധാരണക്കാർക്ക് കൃത്യസമയത്ത് രോഗനിർണയവും ചികിത്സയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.ചടങ്ങിൽ ആസ്റ്റർ മിംസ് കോട്ടക്കൽ അസിസ്റ്റന്റ് മാനേജർ റാഷിഖ് സി., വൃദ്ധസദനം സൂപ്രണ്ട് സുബീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.








