എടപ്പാൾ: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഗിരീഷ് എടപ്പാളിന്റെ രണ്ടാമത്തെ കഥാസമാഹാരമായ ‘ചിരിക്കാൻ മറന്നവർ’ പ്രകാശനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ, ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനന് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ഗിരീഷ് എടപ്പാളിന്റെ കഥകൾ വായനക്കാരുടെ ചിന്തകളെ ആഴത്തിൽ സ്വാധീനിക്കുന്നവയാണെന്ന് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.
ചടങ്ങിൽ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് രാജേഷ് മേനോൻ മുഖ്യപ്രഭാഷണം നടത്തുകയും സുമേഷ് നിഹാരിക പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. സാഹിത്യ പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ.








