സന: യെമനിലെ സര്‍ക്കാര്‍ സൈനിക ക്യാമ്പിലേക്ക് ഹൂതി ആക്രമണം. 53 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുന്നൂറില്‍ അധികം പേര്‍ക്ക് പരുക്കേറ്റു. യെമനിലെ ശബ്വ പ്രവിശ്യയിലെ ക്യാമ്പില്‍ ആണ് ആക്രമണം ഉണ്ടായത്. മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു
ആക്രമണത്തില്‍ നാല്‍പതിലേറെ പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഏദന്‍ ഉള്‍ക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന, തെക്കന്‍-മധ്യ തീരദേശ യെമനിലെ പ്രവിശ്യയാണ് ശബ്‌വ. ക്യാമ്പ് ലക്ഷ്യമാക്കി തന്നെയാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താക്കളും സമ്മതിച്ചിട്ടുണ്ട്. യെമനില്‍ ഹൂതികള്‍ ഈ അടുത്ത കാലത്ത് നടത്തിയതില്‍ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് യെമന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.











