ഇന്ത്യൻ മൊബൈൽ നെറ്റ്വർക്കുകളിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള ഇൻകമിംഗ് കോളുകൾ വരുമ്പോൾ, നമ്പരിനൊപ്പം വിളിക്കുന്ന ആളുടെ പേരും ഇനിമുതൽ കാണാൻ കഴിയും. ഒക്ടോബർ 13-ലെ സർക്കുലർ പ്രകാരം, നവംബർ 1-നകം എല്ലാ ടെലികോം സേവന ദാതാക്കളും എല്ലാ സേവന മേഖലകളിലും ‘കോളിംഗ് നെയിം പ്രസന്റേഷൻ’ (സി.എൻ.എ.പി) സംവിധാനം നടപ്പിലാക്കണമെന്ന് ടെലികോം വകുപ്പ് ഉത്തരവിട്ടു.
ഉപയോക്താക്കളുടെ പ്രത്യേക അപേക്ഷയോ അനുവാദമോ ഇല്ലാതെ തന്നെ ഈ സേവനം ഫോണുകളിൽ പ്രവർത്തനക്ഷമമാകും. നിലവിലുള്ളതുപോലെ കോളറുടെ നമ്പർ ഫോണിൽ തെളിയുന്നതിനൊപ്പം പേര് കാണിക്കുന്ന രണ്ടാമതൊരു ഭാഗം കൂടി ഉണ്ടാകും. റിസീവറുടെ കോൺടാക്റ്റുകളിൽ നമ്പർ സേവ് ചെയ്തിട്ടുണ്ടെങ്കിൽ ആ പേരായിരിക്കും ആദ്യം കാണിക്കുക. സേവ് ചെയ്തിട്ടില്ലാത്ത ഡൊമസ്റ്റിക് കോളുകൾ ആണെങ്കിൽ വിളിക്കുന്നയാളുടെ ടെലികോം ഓപ്പറേറ്ററുടെ പക്കലുള്ള രേഖകളിലെ പേര് കാണിക്കും. എന്നാൽ അന്താരാഷ്ട്ര കോളുകൾ ആണെങ്കിൽ “ഇന്റർനാഷണൽ കോൾ” എന്ന് മാത്രമായിരിക്കും ഡിസ്പ്ലേ ചെയ്യുക. അതേസമയം, കോളിംഗ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ (സി.എൽ.ഐ.ആർ) തിരഞ്ഞെടുത്തിട്ടുള്ളവരുടെ പേരുകൾ സ്ക്രീനിൽ തെളിയുകയില്ല.
4G-യും അതിനുശേഷമുള്ള സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന വയർലെസ് നെറ്റ്വർക്കുകളിലാണ് ആദ്യഘട്ടത്തിൽ ഈ സേവനം ലഭ്യമാകുക. 2G, 3G, ലാൻഡ്ലൈൻ നെറ്റ്വർക്കുകൾ എന്നിവ പിന്നീട് പരിശോധിച്ച ശേഷം നടപ്പിലാക്കുന്ന കാര്യം പരിഗണിക്കും. വിളിക്കുന്ന ഓരോരുത്തരുടെയും നമ്പറുമായി ബന്ധപ്പെട്ട പേര് അതത് ഓപ്പറേറ്റർമാരുടെ ഡാറ്റാബേസിൽ സൂക്ഷിക്കണം. കോൾ അവസാനിച്ചുകഴിഞ്ഞാൽ ആ പേര് സിസ്റ്റത്തിൽ നിലനിൽക്കില്ലെന്ന് ഉറപ്പാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ഇതിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ബിസിനസ്സ് അല്ലെങ്കിൽ ബൾക്ക് കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ജി.എസ്.ടി പോർട്ടലിലോ ട്രേഡ് മാർക്ക് രജിസ്ട്രിയിലോ ഉള്ള ഔദ്യോഗിക ബിസിനസ്സ് പേര് നൽകാൻ അനുവാദമുണ്ട്. ഇതിനായി ഓപ്പറേറ്റർമാർ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തണം. കൂടാതെ, ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കേണ്ടതുണ്ട്.











