പാക്കറ്റ് ഭക്ഷണങ്ങളിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് കൂടുതലാണെങ്കിൽ അത് വ്യക്തമാക്കുന്ന പ്രത്യേക മുന്നറിയിപ്പ് ചിഹ്നങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിനോടും ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയോടും (FSSAI) സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച നിർണായക നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
പാക്കറ്റുകളുടെ മുൻഭാഗത്ത് തന്നെ പോഷകവിവരങ്ങൾ വ്യക്തമാക്കുന്ന ‘ഫ്രണ്ട്-ഓഫ്-പാക്കേജ് ന്യൂട്രീഷൻ ലേബലിംഗ്’ (FOPNL) ഫലപ്രദമായി നടപ്പിലാക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതിനായി ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ലേബലുകളിൽ ബന്ധപ്പെട്ട ഘടകത്തിന്റെ ചിത്രത്തോടൊപ്പം “അമിത കൊഴുപ്പ്” (HIGH FAT), “അമിത പഞ്ചസാര” (HIGH SUGAR), അല്ലെങ്കിൽ “അമിത ഉപ്പ്” (HIGH SALT) എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഓഗസ്റ്റിൽ എഫ്എസ്എസ്എഐ സുപ്രീം കോടതിയിൽ സമർപ്പിച്ച ആറ് പേജുള്ള സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പരിധി നിശ്ചയിക്കുന്നതിൽ പ്രധാന നിർദേശങ്ങൾ
മുന്നറിയിപ്പ് ലേബലുകൾക്കുള്ള പരിധി നിശ്ചയിക്കുമ്പോൾ, ഭക്ഷണത്തിൽ പുറമെ നിന്ന് ചേർക്കുന്ന പഞ്ചസാരയ്ക്കും കൊഴുപ്പിനും പകരം, ഉൽപ്പന്നത്തിലെ ആകെ പഞ്ചസാരയുടെയും പൂരിത കൊഴുപ്പിന്റെയും അളവാണ് കണക്കിലെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഓരോ ഘടകത്തിന്റെയും പരിധി പുനർനിർണയിക്കാനും, അത് തീരെ കുറഞ്ഞുപോകാതെയും എന്നാൽ അമിതമായി കൂടാതെയും ശ്രദ്ധിക്കാനും കോടതി എഫ്എസ്എസ്എഐയോട് ആവശ്യപ്പെട്ടു. പരിധി തീരെ കുറച്ചാൽ വിപണിയിലുള്ള മിക്കവാറും എല്ലാ പാക്കറ്റ് ഭക്ഷണങ്ങളിലും മുന്നറിയിപ്പ് ലേബലുകൾ വരുന്ന സാഹചര്യമുണ്ടാകുമെന്നും, ഇത് ഉപഭോക്താക്കളിൽ ലേബലുകളോടുള്ള ഗൗരവം കുറയാൻ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പരിധി അമിതമായി ഉയർത്തിയാൽ പല ഉൽപ്പന്നങ്ങളും മുന്നറിയിപ്പിൽ നിന്ന് ഒഴിവാകുകയും, ഉപഭോക്താക്കൾ അറിയാതെ തന്നെ ആരോഗ്യത്തിന് ഹാനികരമായ അളവിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും ഉള്ളിലെത്താൻ കാരണമാകുകയും ചെയ്യുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഷഡ്ഭുജാകൃതിയിലുള്ള ലേബലിനുള്ളിലെ അക്ഷരങ്ങളുടെ വലുപ്പം ചിത്രത്തോടൊപ്പം വ്യക്തമായി കാണുന്ന രീതിയിൽ നിശ്ചയിക്കാനും എഫ്എസ്എസ്എഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങളുടെ കരട് രൂപീകരണത്തിലെ പുരോഗതി അറിയിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി, കേസ് പത്ത് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി. 2020-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര (ലേബലിംഗ് ആൻഡ് ഡിസ്പ്ലേ) ചട്ടങ്ങൾ ഉൾപ്പെടെ നിലവിലുള്ള നിയമങ്ങൾ അക്ഷരാർത്ഥത്തിൽ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാരിനോടും സുപ്രീം കോടതി നിർദേശിച്ചു.







