ചെന്നൈ: തമിഴ്‌നാട് സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് വിജയ് സർക്കാർ. വിവാഹിതരായ പുരുഷന്മാർക്കാണ് ഈ അവധി ലഭിക്കുക. മുഖ്യമന്ത്രി വിജയ് തന്നെയാണ് ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്.പ്രസവസമയത്ത് ഭാര്യയ്‌ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും കുഞ്ഞിന്റെ പരിചരണത്തിൽ അച്ഛന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ പുതിയ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതലോ, അല്ലെങ്കിൽ കുഞ്ഞ് ജനിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിലോ ഈ അവധി എടുക്കാവുന്നതാണ്.
നിലവിൽ തമിഴ്‌നാട്ടിലെ സർക്കാർ വനിതാ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി ലഭിക്കുന്നുണ്ട്. ഇതിന് സമാനമായി പുരുഷ ജീവനക്കാർക്കും പിതൃത്വ അവധി അനുവദിക്കണമെന്ന് ജീവനക്കാരുടെ ഭാഗത്ത് നിന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ അവധി അനുവദിച്ചിരിക്കുന്നത്.









