ചങ്ങരംകുളം:റോഡിൽ നിന്ന് വീണുകിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് ചാലിശ്ശേരി സ്വദേശിയായ യുവാവ് മാതൃകയായി.വെള്ളിയാഴ്ച രാത്രി 9 മണിയോടെ ചങ്ങരംകുളം മാർസ് സിനിമാസിന് സമീപത്തു നിന്നാണ് റോഡിൽ കിടന്ന ബാഗ് ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശിയായ കണ്ണന്റെ ശ്രദ്ധയിൽപ്പെട്ടത്. ട്രാവൽ ജീവനക്കാരനായ കണ്ണൻ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം.ബാഗ് കയ്യിലെടുത്ത് പരിശോധിച്ചപ്പോൾ പണവും മൊബൈൽ ഫോണും ഉള്ളതായി കണ്ടു. തുടർന്ന് ബാഗ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കണ്ണൻ.ഇതിനിടെ ബാഗ് നഷ്ടപ്പെട്ട ഇടുക്കി സ്വദേശികളായ കുടുംബം ബാഗ് തിരഞ്ഞ്, ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയ ആനന്ദഭവൻ ഹോട്ടലിന് സമീപം എത്തിയിരുന്നു. ബാഗിലുണ്ടായിരുന്ന മൊബൈലിലേക്ക് മറ്റൊരു ഫോണിൽ നിന്ന് വിളിച്ചതോടെയാണ് ബാഗ് കണ്ണന്റെ കൈവശം ഉണ്ടെന്ന വിവരം കുടുംബം അറിഞ്ഞത്.തുടർന്ന് യുവാവ് ബൈക്കിൽ ചങ്ങരംകുളത്ത് എത്തി ബാഗ് ഉടമകൾക്ക് കൈമാറി.വയനാട് സന്ദർശനം കഴിഞ്ഞ് ട്രാവലറിൽ ഇടുക്കിയിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിന്റെ ബാഗാണ് അബദ്ധത്തിൽ റോഡിൽ വീണത്. അധികം ദൂരം പോകുന്നതിന് മുൻപ് തന്നെ ബാഗ് നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞ കുടുംബം വാഹനം തിരിച്ച് ബാഗ് നഷ്ടപ്പെടാൻ സാധ്യതയുള്ള ആനന്ദഭവൻ ഹോട്ടലിന് സമീപത്തേക്ക് തിരിച്ചുവരികയായിരുന്നു.യുവാവിന്റെ സന്മനസ്സ് കൊണ്ട് നഷ്ടപ്പെട്ടെന്ന് കരുതിയ ബാഗ് തിരിച്ചുകിട്ടിയ സന്തോഷം പങ്കുവെച്ചാണ് കുടുംബം ഇടുക്കിയിലേക്ക് മടങ്ങിയത്.







